ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടവും ദുബൈയില്‍; ബുര്‍ജ് ഖലീഫക്ക് ഭീഷണിയാകുമോ ബുര്‍ജ് അസീസി?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫക്ക് ഭീഷണിയാകാന്‍ ദുബൈയില്‍ തന്നെ മറ്റൊരു കൂറ്റന്‍ ടവര്‍ വരുന്നു. രണ്ടാമത്തെ വലിയ കെട്ടിടമായ ബുര്‍ജ് അസീസി നാലു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും. ഉയരത്തിന്റെ കാര്യത്തില്‍ ബുര്‍ജ് ഖലീഫക്ക് മുന്നില്‍ എത്തില്ലെങ്കിലും മറ്റു പല കാര്യങ്ങളിലും ലോകത്തെ ഒന്നാം സ്ഥാനം ബുര്‍ജ് അസീസിക്കാകും. ദുബൈയിലെ തിരക്കേറിയ ഷെയ്ക്ക് സായിദ് റോഡിലാണ് 600 കോടി ദിര്‍ഹം ചിലവില്‍ കെട്ടിടം നിര്‍മിക്കുന്നത്. നിലവില്‍ 548 മീറ്റര്‍ ഉയരത്തില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം അസിസി ഡവലപ്‌മെന്റ്‌സ് എന്ന കമ്പനി 2017 ല്‍ വാങ്ങിയിരുന്നു. ഈ കെട്ടിടം പുതിയ രൂപ രേഖയില്‍ കൂടുതല്‍ ഉയരത്തിലേക്കാണ് നിര്‍മിക്കുന്നത്. പ്രമുഖ ആര്‍ക്കിടെക്ട് കമ്പനിയായ എഇ7 നാണ് നിര്‍മാണ ചുമതല.

ഏറ്റവും ഉയരത്തിലുള്ള നൈറ്റ് ക്ലബ്ബ്

725 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന ബുര്‍ജ് അസീസിക്ക് 132 നിലകളുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നൈറ്റ് ക്ലബ്ബ്, റെസ്റ്റോറന്റ്, ഹോട്ടല്‍ ലോബി, ഹോട്ടല്‍ റൂമുകള്‍ തുടങ്ങിയവ ബുര്‍ജ് അസീസിയിലാകും. വെര്‍ട്ടിക്കിള്‍ ഷോപ്പിംഗ് മാള്‍, സെവന്‍ സ്റ്റാര്‍ ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോളിഡേ ഹോം, വെല്‍നെസ് സെന്റര്‍, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളാണ് ഇതിലുള്ളത്. ഷെയ്ക്ക് സായിദ് റോഡിലെ ഉയരം കൂടിയ കെട്ടിടമാകും ഇത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ ലോകത്ത് ഉയരത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കോലാലമ്പൂരിലെ മെര്‍ഡേക്ക 118 നെ മറികടക്കും.

നഗരമധ്യത്തിലെ വെല്ലുവിളികള്‍

കൂറ്റന്‍ കെട്ടിടങ്ങള്‍ നിറഞ്ഞ ഷെയ്ക്ക് സായിദ് റോഡില്‍ ഏറ്റവും ഉയരത്തില്‍ കെട്ടിടം നിര്‍മിക്കുന്നത് നിര്‍മാണ കമ്പനിക്ക് വലിയ വെല്ലുവിളിയാണ്. ബുര്‍ജ് ഖലീഫ 2004 ല്‍ നിര്‍മിക്കുമ്പോള്‍ പരിസരങ്ങളില്‍ കെട്ടിടങ്ങള്‍ ഏറെയുണ്ടായിരുന്നില്ല. തിരക്കേറിയ സ്ഥലത്തെ നിര്‍മാണം അപകടരഹിതമാക്കാന്‍ ഘടനയില്‍ വ്യത്യസ്തത പുലര്‍ത്താനാണ് ബുര്‍ജ് അസീസിയുടെ ആര്‍ക്കിടെക്റ്റുകള്‍ ശ്രദ്ധിക്കുന്നത്. മുകളിലേക്ക് പോകുന്തോറും കെട്ടിടത്തിന്റെ വിസ്താരം കുറച്ച്, ഭിത്തികള്‍ ഗ്ലാസ് ഉപയോഗിച്ചാകും നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ സൗന്ദര്യം കൂട്ടാനും ഇത് സഹായിക്കും. ലോകത്തിലെ വിസ്താരം കുറഞ്ഞ കെട്ടിടമായി ഇത് മാറും. 57 മീറ്റര്‍ നീളവും 57 മീറ്റര്‍ വീതിയുമാണ് അടിത്തറക്കുള്ളത്. 70 മീറ്റര്‍ ആഴത്തില്‍ ഫൗണ്ടേഷന്‍ കെട്ടുറപ്പുണ്ടെന്നും ഇത് ബുര്‍ജ് ഖലീഫയേക്കാള്‍ കൂടുതലാണെന്നും അസീസി ഡവലപ്‌മെന്റ് അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Videos
Share it