
ദുബൈ നഗരത്തിലെ സാലിക് ടോള്‍ ഗേറ്റുകളിലൂടെ കടന്നു പോകുന്നവര്‍ നാളെ മുതല്‍ 50 ശതമാനം അധിക തുക നല്‍കണം. നഗരത്തിലെ പ്രധാന പാതകളിലുള്ള 10 ടോള്‍ ഗേറ്റുകളിലും പുതിയ നിരക്കുകള്‍ നാളെ നിലവില്‍ വരും. ഒരു തവണ ടോള്‍ ഗേറ്റ് കടക്കുന്നതിനുള്ള നിരക്ക് 4 ദിര്‍ഹത്തില്‍ നിന്ന് 6 ദിര്‍ഹമായാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ മാസമാണ് നിരക്ക് ഉയര്‍ത്താന്‍ ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ടോള്‍ നിയന്ത്രിക്കുന്ന പബ്ലിക് ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായ സാലികിന് അനുമതി നല്‍കിയത്. നിലവിലുള്ള നിരക്കിനേക്കാള്‍ 50 ശതമാനമാണ് വര്‍ധിക്കുക.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് പുതിയ നിരക്കുകള്‍. വാഹനത്തിരക്കേറിയ രാവിലെ 6 നും 10 നും ഇടയിലും വൈകീട്ട് 4 നും 8 നും ഇടയിലും 6 ദിര്‍ഹം വീതം നല്‍കണം. രാവിലെ 10 മുതല്‍ 4 വരെയും രാത്രി 8 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും 4 ദിര്‍ഹം തന്നെ തുടരും. ഞായറാഴ്ചകളില്‍ എല്ലാ സമയവും 4 ദിര്‍ഹമാണ് ഈടാക്കുക. ടോള്‍ പ്ലാസകളുടെ എണ്ണം കൂടിയതിന് പിന്നാലെ നിരക്കുകളില്‍ കൂടി വര്‍ധന വരുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കും. ജീവനക്കാര്‍ക്കും ബിസിനസുകാര്‍ക്കും കൂടുതല്‍ യാത്ര ചെയ്യേണ്ടി വരുന്ന സമയങ്ങളിലാണ് നിരക്കില്‍ വര്‍ധന വരുന്നത്. മാസം തോറും ഒരാള്‍ക്ക് കുറഞ്ഞത് 200 ദിര്‍ഹമെങ്കിലും ഇതുവഴി അധികമായി ചിലവ് വരും. റമദാന്‍ മാസത്തില്‍, പുതിയ നിരക്കുകള്‍ ഈടാക്കുന്ന സമയങ്ങളില്‍ മാറ്റമുണ്ടാകും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് 6 ദിര്‍ഹം ഈടാക്കുക. മറ്റുസമയങ്ങളില്‍ 4 ദിര്‍ഹത്തില്‍ തുടരും. എല്ലാ ദിവസങ്ങളിലും പുലര്‍ച്ച 2 മണിമുതല്‍ രാവിലെ 6 വരെ സൗജന്യമാണ്. പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍ ഏപ്രിലില്‍
ദുബൈയില്‍ പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍ ഏപ്രില്‍ ആദ്യവാരത്തില്‍ നിലവില്‍ വരും. തിരക്ക് കൂടിയ സമയങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിക്കാനാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയുടെ തീരുമാനം. സാധാരണ പാര്‍ക്കിംഗ് ഇടങ്ങളില്‍ മണിക്കൂറിന് 4 ദിര്‍ഹവും പ്രീമിയം പാര്‍ക്കിംഗില്‍ 6 ദിര്‍ഹവും ഈടാക്കും. രാവിലെ എട്ടു മണി മുതല്‍ 10 വരെയും വൈകീട്ട് 4 മുതല്‍ 8 വരെയുമായിരിക്കും ഈ നിരക്കുകള്‍. മറ്റു സമയങ്ങളില്‍ നിലവിലുള്ള 2 ദിര്‍ഹം തന്നെ ഈടാക്കും. രാത്രി 10 മുതല്‍ രാവിലെ 8 വരെയും ഞായറാഴ്ചകളിലും പാര്‍ക്കിംഗ് സൗജന്യമാകും. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ പോലുള്ള ഈവന്റ് സോണുകളില്‍ മണിക്കൂറിന് 25 ദിര്‍ഹം ഈടാക്കാനും ദുബൈ ആര്‍ടിഎ തീരുമാനിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine