ദുബൈ ട്രാഫിക്കില്‍ എഐ പരീക്ഷണം; കാത്തുനില്‍പ്പ് സമയം 20% കുറയും

പ്രധാന റോഡുകളിലെ തിരക്കിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് സിഗ്നലുകളിലെ സമയം സ്വയം ക്രമീകരിക്കും
UAE
Dubai roadsImage:@canva
Published on

ട്രാഫിക് ജാമില്‍ വീര്‍പ്പുമുട്ടുന്ന വാഹന ഉടമകള്‍ക്ക് ഇനി നിര്‍മിത ബുദ്ധിയുടെ സഹായം. ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയാണ് എഐ പരീക്ഷണം നടത്തുന്നത്. ട്രാഫിക് സിഗ്നലുകളില്‍ വാഹനങ്ങളുടെ കാത്തുനില്‍പ്പ് സമയം 20 ശതമാനം കുറക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. അഞ്ചു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് പദ്ധതി.

തിരക്ക് ഗണിക്കും, നിര്‍ദേശം നല്‍കും

ദുബൈ സര്‍ക്കാരിന്റെ പുതിയ എഐ തന്ത്രത്തിന്റെ ഭാഗമായാണ് ട്രാഫിക് സിഗ്നലുകളില്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. സിഗ്നലുകളെ എഐ ബന്ധിതമാക്കുമ്പോള്‍ ഓരോ നിരത്തിലുമുണ്ടാകാന്‍ സാധ്യതയുള്ള വാഹനതിരക്ക് മുന്‍കൂട്ടി തിരിച്ചറിയാനാകും. ഇതനുസരിച്ച് സിഗ്നലുകളുടെ സമയം സ്വയം ക്രമീകരിക്കുകയും ചെയ്യും. ' പ്രധാന റോഡുകളിലെ നിശ്ചിത സമയങ്ങളിലെ തിരക്കിന്റെ സ്വഭാവമാണ് പുതിയ സംവിധാനത്തില്‍ ആദ്യം വിശകലനം ചെയ്യുന്നത്. ഇതനുസരിച്ച് സിഗ്നല്‍ റെഡ് ലൈറ്റ് സമയം കുറക്കാനാകും. ഇത് വാഹനങ്ങളുടെ കാത്തിരിപ്പ് സമയം കുറക്കാന്‍ സഹായിക്കും''. ദുബൈ ആര്‍.ടി.എ വക്താവ് പറഞ്ഞു.

കൃത്യമായ വിശകലനം സാധ്യമാകുന്നതോടെ പ്രധാന പാതകളിലെ സിഗ്നലുകളിലെ കാത്തുനില്‍പ്പ് സമയം 20 മിനുട്ട് വീതം കുറക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. നിരവധി റോഡുകള്‍ കൂടിച്ചേരുന്ന ജംഗ്ഷനുകളില്‍ എഐയുടെ സഹായം കൂടുതല്‍ ഉപകാരപ്പെടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷിതവും തടസമില്ലാത്തതുമായ ഗതാഗത സംവിധാനത്തിന് ഇത് സഹായിക്കുമെന്നും ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി പ്രതീക്ഷിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com