മൂന്നില്‍ രണ്ട് പേര്‍ക്കും ഇ-20 പെട്രോള്‍ വേണ്ട, മൈലേജ് കുറയുന്നത് സര്‍ക്കാര്‍ പറഞ്ഞതിന്റെ ഇരട്ടി, എഥനോള്‍ മിക്സിംഗ് 27 ശതമാനമാക്കാനും നീക്കം

ആരോപണങ്ങള്‍ പിന്നില്‍ പെട്രോള്‍ ലോബിയുടെ രാഷ്ട്രീയ ഗൂഡാലോചനയെന്ന് കേന്ദ്രമന്ത്രി ഗഡ്കരി
മൂന്നില്‍ രണ്ട് പേര്‍ക്കും ഇ-20 പെട്രോള്‍ വേണ്ട, മൈലേജ് കുറയുന്നത് സര്‍ക്കാര്‍ പറഞ്ഞതിന്റെ ഇരട്ടി, എഥനോള്‍ മിക്സിംഗ് 27 ശതമാനമാക്കാനും നീക്കം
canva, Linkedin / Nithin Gadkari
Published on

20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രനീക്കത്തോട് ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും യോജിപ്പില്ലെന്ന് സര്‍വേ. മൈലേജ് കുറയുന്നതും പ്രവര്‍ത്തന ചെലവ് കൂടുന്നതും ചൂണ്ടിക്കാട്ടിയാണ് പലരും ഇക്കാര്യത്തില്‍ വിമുഖത പുലര്‍ത്തുന്നതെന്നും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന കമ്പനി നടത്തിയ സര്‍വേയില്‍ പറയുന്നു. ആല്‍ക്കഹോള്‍ കലര്‍ന്ന ഇ-20 ചേര്‍ക്കുന്നത് വാഹനങ്ങളുടെ മൈലേജില്‍ ആനുപാതികമായ കുറവുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ കണക്കുകളേക്കാള്‍ കൂടുതലാണ് മൈജേല് കുറയുന്നതെന്നും സര്‍വേ പറയുന്നു.

എന്താണ് ഇ20

കരിമ്പ്, ചോളം, ബാര്‍ലി എന്നിവയുടെ കാര്‍ഷികാവശിഷ്ടത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന ആല്‍ക്കഹോള്‍ കലര്‍ന്ന ഇന്ധനമാണ് എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍). 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേര്‍ന്ന മിശ്രിത ഇന്ധനമാണ് ഇ20. 85 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ നിലവിലുണ്ട്. ഇവയെ ഫ്‌ളെക്‌സ് ഫ്യൂവല്‍ എന്നാണ് വിളിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം, ക്രൂഡ് ഓയില്‍ ഇറക്കുമതി എന്നിവ കുറക്കാനും പ്രാദേശിക കര്‍ഷകരെ സഹായിക്കാനും ഇത്തരം ഇന്ധനത്തിന് കഴിയുമെന്നാണ് കേന്ദ്രവാദം.

മൈലേജ് കുറയുന്നു

രാജ്യത്തെ 36,000 വാഹന ഉടമകളില്‍ നിന്നുള്ള വിവരങ്ങളാണ് ലോക്കല്‍ സര്‍വേ ശേഖരിച്ചത്. 2022നും അതിന് മുമ്പും വാഹനമെടുത്ത മൂന്നില്‍ രണ്ട് പേരും ഇ-20 പെട്രോള്‍ ഉപയോഗിച്ചതിന്റെ ഫലമായി മൈലേജ് കുറയുന്നതായി പരാതിപ്പെട്ടു. 2025ല്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 15-20 ശതമാനം വരെ മൈലേജ് കുറഞ്ഞതായി 22 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 20 ശതമാനം മൈലേജ് കുറഞ്ഞെന്നാണ് മറ്റൊരു 22 ശതമാനം പേരുടെ പക്ഷം. 10-15 ശതമാനം വരെ കുറവുണ്ടായെന്ന് 11 ശതമാനവും മാറ്റമൊന്നുമില്ലെന്ന് 11 ശതമാനം പേരും സര്‍വേയില്‍ പറഞ്ഞു. ഇ20 പെട്രോളിനായി ഡിസൈന്‍ ചെയ്ത വാഹനത്തില്‍ 1-2 ശതമാനം വരെയും മറ്റ് വാഹനങ്ങളില്‍ 3-6 ശതമാനം വരെയും മൈലേജ് കുറയുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കിയത്.

ഇ20 അടിച്ചേല്‍പ്പിക്കുന്നു

രാജ്യത്തെ മിക്ക പെട്രോള്‍ പമ്പുകളിലും ഇപ്പോള്‍ ഇ20 പെട്രോള്‍ മാത്രമാണ് വില്‍ക്കുന്നത്. ഇ20 പെട്രോള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം തെറ്റാണെന്നും സര്‍ക്കാര്‍ ഇക്കാര്യം തിരുത്തണമെന്നുമാണ് 44 ശതമാനം പേരുടെയും അഭിപ്രായം. മറ്റൊരു 22 ശതമാനം പേര്‍ക്കും ഇതിനോട് എതിര്‍പ്പുണ്ട്. എന്നാല്‍ ഇ5,ഇ10,ഇ20 തുടങ്ങിയ ഓപ്ഷനുകള്‍ നല്‍കിയാല്‍ പിന്തുണക്കാമെന്നും അഭിപ്രായപ്പെട്ടു. 12 ശതമാനം പേര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണക്കുന്നുണ്ട്. 22 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ലെന്നും സര്‍വേ പറയുന്നു.

ഡീസലിലും ബ്ലെന്‍ഡിംഗ്

2030 എത്തുമ്പോള്‍ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. 2022ല്‍ ഇതുമായി ബന്ധപ്പെട്ട ദേശീയ ബയോഫ്യൂവല്‍ നയത്തില്‍ (2018) മാറ്റം വരുത്തി. 20 ശതമാനം എഥനോള്‍ ചേര്‍ക്കാനുള്ള ലക്ഷ്യം 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചയിച്ചതിലും നേരത്തെ തന്നെ ഇക്കാര്യത്തില്‍ ലക്ഷ്യം കാണാന്‍ പെട്രോളിയം കമ്പനികള്‍ക്ക് കഴിഞ്ഞു. വൈകാതെ എഥനോളിന്റെ അളവ് 27 ശതമാനമാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇ27 പെട്രോള്‍ ഉപയോഗിക്കാനാവുന്ന തരത്തില്‍ എഞ്ചിനിലും യന്ത്ര ഭാഗങ്ങളിലും മാറ്റം വരുത്താന്‍ വാഹന കമ്പനികള്‍ക്ക് കേന്ദ്രം ഇതിനോടകം നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഡീസലില്‍ 10 ശതമാനം ഐസോബ്യൂട്ടനോള്‍ ചേര്‍ക്കാനുള്ള ആലോചനയും കേന്ദ്രസര്‍ക്കാരിനുണ്ട്. ഡീസലിന്റെ ബദല്‍ ഇന്ധനമായി പോലും ഐസോബ്യൂട്ടനോളിനെ പരിഗണിക്കാമെന്നാണ് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദം.

തിരിച്ചടികള്‍ പലത്

സാധാരണ പെട്രോളും ഇ10യും ഉപയോഗിക്കാനായി ഡിസൈന്‍ ചെയ്ത വാഹനങ്ങളില്‍ ദീര്‍ഘകാലം ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം യന്ത്രഭാഗങ്ങള്‍ക്ക് തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുമൂലം വാഹനത്തിന്റെ വാറണ്ടി നഷ്ടമാകാനും സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

പെട്രോള്‍ ലോബിയുടെ കളിയെന്ന് ഗഡ്കരി

അതേസമയം, ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പെട്രോള്‍ ലോബിയുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് നിതിന്‍ ഗഡ്കരിയുടെ പ്രതികരണം. രാജ്യത്ത് ഏപ്രില്‍ മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ ഇ20 പെട്രോള്‍ ഉപയോഗിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തവയാണ്. ഇതിന് മുമ്പ് നിരത്തിലെത്തിയ വാഹനങ്ങളില്‍ ഇ20 ഉപയോഗം മൂലം അറ്റകുറ്റപ്പണി വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ പഴയ വാഹനങ്ങള്‍ ഉപയോഗിച്ച് ഒരു ലക്ഷം കിലോമീറ്ററോളം പരീക്ഷണം നടത്തിയെങ്കിലും കുഴപ്പങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറയുന്നു. തന്റെ കുടുംബത്തിന് കരിമ്പ് ബിസിനസുള്ളത് കൊണ്ടാണ് പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

A recent survey reveals that nearly two-thirds of petrol vehicle owners are against the government’s E20 ethanol-blended fuel mandate, citing concerns over mileage, engine health, and cost.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com