E-20 പെട്രോൾ ഉപയോ​ഗിച്ചാൽ ക്ലെയിം തള്ളപ്പെടാൻ സാധ്യത; പഴയ കാർ ഉടമകൾക്ക് മുന്നറിയിപ്പുമായി ഐ.സി.ഐ.സി.ഐ ലൊംബാർഡ്

2023 ഏപ്രിലിന് മുൻപ് നിർമ്മിച്ച വാഹനങ്ങളിൽ ഇ-20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം എഞ്ചിന് ഉണ്ടാകുന്ന കേടുപാടുകൾക്കുള്ള ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെട്ടേക്കാമെന്ന് ഐ.സി.ഐ.സി.ഐ ലൊംബാർഡ് ജൂൺ 9-ന് പ്രസിദ്ധീകരിച്ച ബ്ലോ​ഗ് കുറിപ്പിൽ മുന്നറിയിപ്പ് നൽകി
E-20 Fuel And Insurance Claim Rejection
Image Credit: Canva
Published on

രാജ്യമെങ്ങും എഥനോൾ ചേർത്ത ഇ-20 പെട്രോൾ (E-20) ഇന്ന് വ്യാപകമായി ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ ഒട്ടുമിക്ക പമ്പുകളിലും വിതരണം ചെയ്യുന്ന പെട്രോളിൽ എഥനോൾ ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സൂചകങ്ങൾ നൽകിയിട്ടില്ല. പമ്പുകളിൽ നിർബന്ധമായും കോംപാറ്റിബിലിറ്റി സ്റ്റിക്കറുകൾ പതിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മതിയായ ലേബലിംഗ് ഇല്ലാതെയാണ് ഇ-20 ഇന്ധന വിൽപ്പന അരങ്ങേറുന്നത്.

അതുകൊണ്ട് തന്നെ ഇ-20 ഇന്ധനം വാഹനങ്ങളിൽ ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാവുകയാണ്. ഇതിനിടെ, എഥനോൾ കലർന്ന പെട്രോൾ കാരണം എഞ്ചിന് തകരാർ സംഭവിച്ചാൽ, ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനിയായ ഐ.സി.ഐ.സി.ഐ ലൊംബാർഡ് രം​ഗത്തെത്തിയതോടെ ലക്ഷക്കണക്കിന് പഴയ കാറുകളുടെ ഉടമകൾ ആശങ്കയിലായി. ഇ-20 പെട്രോൾ വിഷയത്തിൽ ഐ.സി.ഐ.സി.ഐ ലൊംബാർഡിന്റെ നിലപാട്, മറ്റ് ജനറൽ ഇൻഷുറൻസ് കമ്പനികൾ കൂടി സ്വീകരിക്കുമോ എന്ന ആകാംക്ഷയും ഉയർന്നിരിക്കുകയാണ്.

എന്താണ് പ്രതിസന്ധി?

2023 ഏപ്രിലിന് മുൻപ് നിർമ്മിച്ച വാഹനങ്ങളിൽ ഇ-20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം എഞ്ചിന് ഉണ്ടാകുന്ന കേടുപാടുകൾക്കുള്ള ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെട്ടേക്കാമെന്ന് ഐ.സി.ഐ.സി.ഐ ലൊംബാർഡ് ജൂൺ 9-ന് പ്രസിദ്ധീകരിച്ച ബ്ലോ​ഗ് കുറിപ്പിൽ മുന്നറിയിപ്പ് നൽകി. ഇത് വാഹനത്തിന്റെ "അനുചിതമായ ഉപയോഗം" (Improper use) അല്ലെങ്കിൽ "അശ്രദ്ധ" (Negligence) ആയി കണക്കാക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും (കരിമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന) അടങ്ങിയതാണ് ഇ-20 പെട്രോൾ. യഥാ‌ർത്ഥ പെട്രോളിനേക്കാൾ മലിനീകരണവും കാർബൺ ബഹിർ​ഗമനവും എഥനോളിന് കുറവാണ്. എന്നാൽ പഴയ വാഹനങ്ങളിലെ റബ്ബർ സീലുകൾ, ഗാസ്കറ്റുകൾ, ഫ്യുവൽ ലൈനുകൾ എന്നിവയൊക്കെ എഥനോളിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതല്ല. ഇവ പതുക്കെപ്പതുക്കെ ദ്രവിച്ചുപോകാൻ (Corrosive degradation) എഥനോൾ ഇടയാക്കാം (2021-ലെ നീതി ആയോഗ് റിപ്പോർട്ടിൽ പരാമർശിച്ചതാണിത്). എന്നാൽ, ബി.എസ്-6 ഫേസ് 2 (BS6 Phase 2) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 2023 ഏപ്രിലിന് ശേഷം വിപണിയിൽ പുറത്തിറങ്ങിയിട്ടുള്ള പുതിയ വാഹനങ്ങളെ ഇ-20 ഇന്ധനം പ്രതികൂലമായി ബാധിക്കില്ല.

ഇനിയെന്ത്?

അതേസമയം ഇ-20 ഇന്ധനത്തിന്റെ ഉപയോ​ഗം കാരണം വാഹന ഇൻഷുറൻസ് പോളിസികളെ അസാധുവാക്കില്ലെന്ന് സർക്കാർ തലത്തിൽ ആവർത്തിക്കുന്നുണ്ടെങ്കിലും, പോളിസി നിലനിൽക്കുമെന്നല്ലാതെ വ്യക്തിഗത ക്ലെയിമുകൾക്ക് ഇൻഷുറൻസ് കമ്പനികൾ അംഗീകാരം നൽകുമെന്ന് ഇതിനർത്ഥമില്ലെന്നാണ് ഐ.സി.ഐ.സി.ഐ ലൊംബാർഡിന്റെ നിലപാടിൽ നിന്നും വ്യക്തമാകുന്നത്. ക്ലെയിം നിഷേധിക്കപ്പെടുന്ന വാഹന ഉടമകൾക്ക് സഹായത്തിനായി സർക്കാരിനെ സമീപിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഉറപ്പു നൽകിയിട്ടുള്ളതാണ് ആശ്വാസം.

എന്തായലും ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരമുള്ള അവകാശങ്ങളൊക്കെ കാർ ഉടമകളുടെ സഹായത്തിനായി എത്താമെങ്കിലും ഇ-20 പെട്രോളും ഇൻഷുറൻസ് ക്ലെയിമും സംബന്ധിച്ച വിഷയത്തിൽ സർക്കാർ ഉടൻ ഒരു വ്യക്തത കൊണ്ടുവരുമെന്ന് കരുതാം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com