കാലവര്‍ഷം നേരത്തെയെത്തും, ആന്‍ഡമാനില്‍ ഈയാഴ്ച്ച, മഴയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാര്‍ഷിക മേഖല; വിപണിക്കും നിര്‍ണായകം

ഇന്ത്യയില്‍ ഒരു വര്‍ഷം പെയ്യുന്ന മഴയുടെ 70 ശതമാനം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലൂടെയാണ് ലഭിക്കുന്നത്
Mansoon Rain
Image : ©freeimages.com
Published on

രാജ്യത്ത് മണ്‍സൂണ്‍ നേരത്തെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈയാഴ്ച്ച അവസാനത്തോടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പ്രവേശിക്കും. സാഹചര്യങ്ങള്‍ മണ്‍സൂണ്‍ മഴയ്ക്ക് അനുകൂലമാണെന്നും സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ആറുദിവസം മുമ്പേ മണ്‍സൂണ്‍ മേഘങ്ങള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെത്തുമെന്നും കാലാവസ്ഥ വിഭാഗം പറയുന്നു.

കേരളത്തില്‍ ജൂണ്‍ ഒന്നിനാണ് സാധാരണയായി കാലവര്‍ഷം എത്തുന്നത്. ഇത്തവണ കുറച്ചുദിവസം മുമ്പേ എത്താനാണ് സാധ്യത. ആന്‍ഡമാനില്‍ മെയ് 15ഓടെ കാലവര്‍ഷം എത്തിയാല്‍ പത്തുദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം തുടങ്ങും. മറ്റ് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മെയ് അവസാനത്തോടെ കേരളത്തില്‍ മഴ തുടങ്ങാന്‍ സാധ്യത നിലനില്ക്കുന്നു.

ഇന്ത്യയില്‍ ഒരു വര്‍ഷം പെയ്യുന്ന മഴയുടെ 70 ശതമാനം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലൂടെയാണ് ലഭിക്കുന്നത്. കൃഷി, വൈദ്യുത ഉത്പാദനം, സമ്പദ്വ്യവസ്ഥ എന്നിവയില്‍ മണ്‍സൂണ്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഇത്തവണ രാജ്യത്ത് ശരാശരിയില്‍ താഴെ മഴ ലഭിക്കാനാണ് സാധ്യതയെന്ന് മുമ്പ് പുറത്തുവിട്ട കാലാവസ്ഥ പ്രവചനത്തില്‍ പറയുന്നു.

സാമ്പത്തിക മേഖലയ്ക്ക് നിര്‍ണായകം

മണ്‍സൂണ്‍ രാജ്യത്തിന്റെ ജീവനാഡിയാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഭൂരിപക്ഷം ആളുകളും പണിയെടുക്കുന്നത്. മഴ കുറയുന്ന വര്‍ഷങ്ങളില്‍ സാമ്പത്തിക മേഖലയില്‍ മന്ദത പ്രകടമാണ്. കഴിഞ്ഞ വര്‍ഷം മികച്ച മണ്‍സൂണ്‍ ലഭിച്ചത് രാജ്യത്തിന് ഗുണം ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ കുതിപ്പ് ഗ്രാമീണ മേഖലകളില്‍ സാമ്പത്തിക ക്രയവിക്രയം വര്‍ധിക്കാന്‍ ഇടയാക്കി.

കാര്‍ വില്പന, എഫ്എംസിജി കമ്പനികളുടെ വരുമാനം തുടങ്ങി എല്ലാ മേഖലകളിലും വളര്‍ച്ച നേടാന്‍ സഹായിക്കുന്നത് ഗ്രാമീണ മേഖല കൂടി വളരുമ്പോഴാണ്. ഇത്തവണ കടുത്ത വേനലായിരുന്നു രാജ്യമാകെ അനുഭവപ്പെട്ടത്.

Early monsoon arrival in Andaman and possible advance onset in Kerala raise hopes for agriculture, rural demand, and economic growth in India

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com