

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കണമെങ്കില്‍ സൂക്ഷ്മ-ചെറുകിട സംരംഭങ്ങളെ(എം.എസ്.എം.ഇ ) കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്നും നടപ്പിലാക്കണമെന്ന് സാമ്പത്തിക സര്‍വേ. എം.എസ്.എം.ഇ മേഖലയിലെ അനാവശ്യമായ നിയന്ത്രണങ്ങള്‍ കുറക്കുന്നത് സംരംഭങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും പ്രവര്‍ത്തന ചെലവ് കുറക്കാനും പുതിയ അവസരങ്ങള്‍ തേടാനും സഹായിക്കും. നിയന്ത്രണങ്ങള്‍ സംരംഭങ്ങളുടെ എല്ലാ തരത്തിലുള്ള പ്രവര്‍ത്തന ചെലവും വര്‍ധിപ്പിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എം.എസ്.എം.ഇ മേഖലയെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിലെ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ചട്ടങ്ങള്‍ തൊഴിലാളികളുടെ പ്രവര്‍ത്തനക്ഷമതയെ പിന്നോട്ടടിക്കുകയും തൊഴില്‍ വളര്‍ച്ചയെ തടയുകയും നൂതന ആശയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നതായും സര്‍വേ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ചില കമ്പനികളെങ്കിലും കൂടുതല്‍ വളര്‍ച്ച നേടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സര്‍വേ പറയുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ പെടാതിരിക്കാനും തൊഴില്‍-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കാനും വേണ്ടിയാണിത്. നടപടിക്രമങ്ങളും ഭരണ പരിഷ്‌കാരങ്ങളും നടപ്പിലാക്കിയും നികുതി നിയമങ്ങള്‍ ലഘൂകരിച്ചും തൊഴില്‍ നിയന്ത്രണങ്ങള്‍ യുക്തിസഹമാക്കിയും ബിസിനസ്സ് നിയമങ്ങള്‍ കുറ്റമറ്റതാക്കിയും കേന്ദ്രസര്‍ക്കാര്‍ എം.എസ്.എം.ഇ മേഖലയിലെ ചട്ടങ്ങള്‍ പൊളിച്ചെഴുതി. സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവച്ചു. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയത് വ്യവസായങ്ങളെ മികച്ച രീതിയില്‍ സഹായിച്ചതായും സര്‍വേ പറയുന്നു.
ഈ ശ്രമങ്ങള്‍ വ്യവസായ മേഖലയിലെ ചട്ടങ്ങളുടെ ലഘൂകരണത്തിലേക്കുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കുമെന്നും സര്‍വേ പറയുന്നു. ഇതിനായി മൂന്നിന നിര്‍ദ്ദേശങ്ങളും സര്‍വേ മുന്നോട്ടുവക്കുന്നു. ഏതൊക്കെ മേഖലകളിലെ ചട്ടങ്ങളാണ് ലഘൂകരിക്കേണ്ടതെന്ന് കണ്ടെത്തുകയാണ് ആദ്യ ഘട്ടം. നിലവിലെ നിയന്ത്രണങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുമായും രാജ്യങ്ങളുമായും താരതമ്യപ്പെടുത്തുകയും വേണം. ഓരോ സംരംഭങ്ങളെയും ഇത്തരം നിയന്ത്രണങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് കൂടി മനസിലാക്കണമെന്നും സര്‍വേ പറയുന്നു. കേന്ദ്രസര്‍ക്കാരിനേക്കാള്‍ സംസ്ഥാനങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുകയെന്നും മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ദനാഗേശ്വരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യവസായ നടത്തിപ്പിലെ തടസങ്ങള്‍ക്കുള്ള മൂലകാരണം കണ്ടെത്തി അത് പരിഹരിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ വ്യവസായ സൗഹൃദ പദ്ധതി 2.0 നടപ്പിലാക്കണമെന്നും സര്‍വേ ആവശ്യപ്പെടുന്നു. ഇതിനായി മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉദാരവത്കരിക്കണം, നിര്‍വഹണത്തിനായി നിയമപരിരക്ഷ തീര്‍ക്കണം, നിരക്കുകളും ഫീസുകളും കുറക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സര്‍വേ മുന്നോട്ടുവക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine