

ഓഹരി വിപണികളെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണെന്നും ഇത് 2008 നേക്കാള്‍ ഭീകരമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ ഹാരി ഡെന്റ്. ഫോക്‌സ് ന്യൂസിന് നല്‍കി അഭിമുഖത്തിലാണ് ഡെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഓഹരി വിപണികളിലുണ്ടായ നേട്ടം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്നും അത് എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നുമാണ് ഡെന്റിന്റെ അഭിപ്രായം.
വന്‍ വീഴ്ചക്ക് മുമ്പുള്ള ശാന്തത
വലിയൊരു തകര്‍ച്ചക്ക് മുമ്പുള്ള ശാന്തതയാണ് ഇപ്പോഴത്തെ വിപണിയിലെ നേട്ടങ്ങളെന്ന് എച്ച്.എസ് ഡെന്റ് ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എന്ന കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ ഹാരി ഡെന്റ് പറയുന്നു. 2009ല്‍ അദ്ദേഹം പുറത്തിറക്കിയ ' ദ ഗ്രേറ്റ് ഡിപ്രഷന്‍ എഹെഡ്' എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. അമേരിക്കന്‍ സാമ്പത്തിക മേഖലയെ പഠിക്കാന്‍ സ്വന്തമായി സിദ്ധാന്തം വികസിപ്പിച്ചയാളാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം ടെലിവിഷന്‍ അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ പെട്ടെന്നാണ് ചര്‍ച്ചയായത്. നിലവിലെ സാമ്പത്തിക സ്ഥിതി നേരെയാക്കാന്‍ യു.എസ് സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം തലതിരിഞ്ഞതെന്നാണ് ഹാരിയുടെ അഭിപ്രായം. മദ്യപിച്ചതിന്റെ ഹാംഗ് ഓവര്‍ മാറാന്‍ വീണ്ടും മദ്യപിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് ചെയ്ത് കൂട്ടുന്നതെന്ന് അദ്ദേഹം കളിയാക്കുന്നു. വന്‍തോതില്‍ പണമൊഴുക്കി ഉദാരമായ പണനയം സ്വീകരിച്ചാല്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലാണെന്ന് തോന്നിപ്പിക്കും. എന്നാല്‍ ഈ കുമിള പൊട്ടി സമ്പദ് വ്യവസ്ഥ തകരുമ്പോള്‍ മാത്രമേ എല്ലാവരും അറിയുകയുള്ളൂ.
ഓരോ തകര്‍ച്ചക്ക് മുമ്പും അഞ്ചോ ആറോ വര്‍ഷം കുമിളകള്‍ തിരിച്ചറിയപ്പെടാതെ പോകും. എന്നാല്‍ നിലവിലേത് 14 വര്‍ഷമായി വളരുകയാണ്. ചെറിയ ചെറിയ കുമിളകള്‍ ആകുന്നതിന് പകരം ഒരു വലിയ കുമിള പോലെ ഓഹരി വിപണി വീര്‍ത്തിരിക്കുന്നു. അത് പൊട്ടുമ്പോള്‍ ഉണ്ടാകുന്ന അപകടം 2008ലേതിനാക്കള്‍ വലുതായിരിക്കുമെന്നും ഡെന്റ് പറയുന്നു. അടുത്തിടെ മൈക്രോ സോഫ്റ്റിനെയും ആപ്പിളിനെയും പിന്തള്ളി ഏറ്റവും മുന്നിലെത്തിയ എന്‍വിഡിയ എന്ന കമ്പനിക്കും കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അദ്ദേഹത്തിന്റെ പ്രവചനത്തിലുണ്ട്. എന്‍വിഡിയയുടെ 98 ശതമാനം വരെ വിലയിടിയും. അമേരിക്കന്‍ സൂചികയായ എസ് & പി 86 ശതമാനവും നാസ്ഡാക്ക് 92 ശതമാനവും ഇടിയും. ഇതിനനുസരിച്ച് മറ്റ് വിപണികളും തകരും.
2025 പകുതി നിര്‍ണായകം
അടുത്ത വര്‍ഷം പകുതിയോടെയാണ് ഓഹരി വിപണിയില്‍ വലിയ വീഴ്ചയുണ്ടാകുന്നതെന്ന് ഡെന്റ് ചൂണ്ടിക്കാട്ടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയാകും ഈ തകര്‍ച്ചയുടെ തുടക്കം കുറിക്കുന്നത്. തന്റെ പഠനത്തെ കളിയാക്കുന്നവരോട് ഡെന്റിന് പറയാനുള്ളത് കാത്തിരിക്കാന്‍ മാത്രമാണ്. സുരക്ഷിതമായ ഓഹരികളില്‍ മാത്രം നിക്ഷേപിക്കണമെന്ന് നിക്ഷേപകരെയും അദ്ദേഹം ഉപദേശിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine