കള്ളപ്പണം വെളുപ്പിക്കല്‍: ആംവേയുടെ 757 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി ഇ ഡി

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗുമായി(MLM) ബന്ധപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആംവേ ഇന്ത്യ എന്റര്‍പ്രൈസസിന്റെ ആസ്തികള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി).

തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ ഫാക്ടറിയും 346 കോടി രൂപയുടെ ബാങ്ക് ബാലന്‍സും ഉള്‍പ്പെടെ 757 കോടി രൂപയുടെ ആസ്തിയാണ് തിങ്കളാഴ്ച കണ്ടുകെട്ടിയതായി ഇ ഡി അറിയിച്ചത്.

2002-03 മുതല്‍ 2021-22 വരെയുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കമ്പനി 27,562 കോടി രൂപ സമാഹരിച്ചതായി ആംവേയ്ക്കെതിരായ മണി ട്രയല്‍ വെളിപ്പെടുത്തിയതായി ഏജന്‍സി പറഞ്ഞു. ഇതില്‍ ഇന്ത്യയിലെയും യുഎസിലെയും വിതരണക്കാര്‍ക്കും അംഗങ്ങള്‍ക്കും ആംവേ 7,588 കോടി രൂപ കമ്മീഷന്‍ നല്‍കിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ആംവേയുമായി ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായാണ് വിവരം.
'ഡയറക്ട് സെല്ലിംഗ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് നെറ്റ്വര്‍ക്കുകളുടെ മറവില്‍ ആംവേ ഒരു പിരമിഡ് തട്ടിപ്പ് നടത്തുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമായ പ്രശസ്ത നിര്‍മ്മാതാക്കളുടെ ഇതര ജനപ്രിയ ഉല്‍പ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാഗ്ദാനം ചെയ്യുന്ന മിക്ക ഉല്‍പ്പന്നങ്ങളുടെയും വില അമിതമാണ്, ''ഏജന്‍സി പറഞ്ഞു.
ആംവേയുടെ 36 വ്യത്യസ്ത അക്കൗണ്ടുകളിലായി 412 കോടി രൂപയുടെ സ്വത്തുക്കളും 346 കോടി രൂപയുടെ ബാങ്ക് ബാലന്‍സും ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്.
''ഈ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിലേക്ക് എത്തുന്നതിലൂടെ അംഗങ്ങള്‍ എങ്ങനെ സമ്പന്നരാകാമെന്ന് പ്രചരിപ്പിക്കുന്നതിലാണ് കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും. ഈ MLM പിരമിഡ് തട്ടിപ്പ് ഒരു ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായി കാണിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു,'' ഇ ഡി പറഞ്ഞു.
1996-97-ല്‍ ആംവേ 21.3 കോടി രൂപ ഓഹരി മൂലധനമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നെന്നത് ശരിയാണെന്നും എന്നാല്‍ അവരുടെ നിക്ഷേപകര്‍ക്കും സ്ഥാപകര്‍ക്കും ലാഭവിഹിതം, റോയല്‍റ്റി, മറ്റ് പേയ്മെന്റുകള്‍ എന്നിവ വഴി പുറത്തേക്ക് അയച്ച തുക 2020-21 വരെ 2,859 കോടി രൂപ കവിഞ്ഞതായും ഏജന്‍സി വെളിപ്പെടുത്തി.
ലാഭവിഹിതം പ്രതീക്ഷിച്ച് വഞ്ചിതരായ പൊതുജനങ്ങള്‍ കമ്പനിയില്‍ അംഗങ്ങളായി ചേരാനും അമിത വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും പ്രേരിപ്പിക്കപ്പെടുകയും അങ്ങനെ അവരുടെ പണം നഷ്ടപ്പെടുകയും ചെയ്യുന്നു, ED അവകാശപ്പെട്ടു.
''പുതിയ അംഗങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് അവ ഉപയോഗിക്കാനല്ല, മറിച്ച് അപ്ലൈന്‍ അംഗങ്ങള്‍ എന്ന നിലയില്‍ സ്വയം ഇടം നേടി സമ്പന്നരാകാനാണ്.''ഇഡി പറഞ്ഞു.


Related Articles

Next Story

Videos

Share it