

വിവിധ അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായി മാറിയ അനില്‍ അംബാനിക്ക് തിരിച്ചടിയുടെ കഥകളാണ് ദിവസവും വരുന്നത്. കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടല്‍ നടപടികള്‍ തുടങ്ങിയ ശേഷം റിലയന്‍സ് ഗ്രൂപ്പിന് ഇതുവരെ നഷ്ടപ്പെട്ടത് 132 ഏക്കറും 7,500 കോടിയോളം രൂപയുമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയുടെ 132 ഏക്കര്‍ സ്ഥലമാണ് ഇന്നലെ കണ്ടുകെട്ടിയത്. 4,463 കോടി രൂപ വില വരുന്നതാണ് ഈ വസ്തു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരില്‍ നടത്തിയ സാമ്പത്തിക തിരിമറികളിലാണ് നടപടി.
റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മുംബൈ, പൂനെ, താനെ, നോയിഡ, ഹൈദരാബാദ്, ഈസ്റ്റ് ഗോദാവരി, ഗോവ എന്നിവിടങ്ങളിലുള്ള 42 ആസ്തികളാണ് ഇതുവരെ കണ്ടുകെട്ടിയിരിക്കുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും അനുബന്ധ കമ്പനികളും ചേര്‍ന്ന് ആഭ്യന്തര, വിദേശ വായ്പദാതാക്കളില്‍ നിന്ന് 2010-12 കാലയളവില്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് നടപടികള്‍. ഏകദേശം 40,185 കോടി രൂപയുടെ കുടിശിക വരുത്തിയെന്നാണ് ഇഡി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
തങ്ങളുടെ വ്യത്യസ്ത സ്ഥലങ്ങളിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടിയതായും എന്നാല്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. അനില്‍ അംബാനി കഴിഞ്ഞ മൂന്നരവര്‍ഷമായി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലെന്നാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വ്യക്തമാക്കിയിരിക്കുന്നത്.
2017 മുതല്‍ 2019 വരെ യെസ് ബാങ്ക് റിലയന്‍സ് കമ്പനികള്‍ക്ക് ഏകദേശം 5,010 കോടി രൂപ അനുവദിച്ചിരുന്നു. 2019 ആയപ്പോഴേക്കും ഈ ഫണ്ടുകള്‍ കിട്ടാക്കടം ആയി മാറി. അനില്‍ അംബാനിയുടെ കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതും പ്രതിസന്ധിക്ക് കാരണമായി.
Read DhanamOnline in English
Subscribe to Dhanam Magazine