

ഇന്ത്യയുടെ പ്രത്യക്ഷ വിദേശ നിക്ഷേപ (Foreign Direct Investment) ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ മിന്ത്ര(Myntra)ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (E.D). മൊത്തക്കച്ചവടത്തിന്റെ (Wholesale) മറവില്‍ വിവിധ ബ്രാന്‍ഡുകളിലൂടെ കമ്പനി ചില്ലറക്കച്ചവടം (Retail) ചെയ്യുകയാണെന്ന് ഇ.ഡി ആരോപിക്കുന്നു.
ഇഡി പറയുന്നത് ഇങ്ങനെ, ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസ് (Wholesale cash and carry) എന്ന വ്യാജേന മിന്ത്രയും സഹ കമ്പനികളും മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡ് (MBRT) രീതികളാണ് അവലംബിച്ചിരുന്നത്. ഇത് ഇന്ത്യയുടെ വിദേശ നിക്ഷേപ ചട്ടങ്ങളുടെ ലംഘനമാണ്. മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡ് മേഖലയിലെ വിദേശ നിക്ഷേപത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ നിക്ഷേപ ചട്ടങ്ങളുമായി ബന്ധപ്പെട്ട് മിന്ത്ര 1,654 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ഇ.ഡി ആരോപിക്കുന്നു.
ഇടപാടുകാര്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ സാധനങ്ങള്‍ വിറ്റ് വില ക്യാഷായി വാങ്ങുകയും ഇടപാടുകാരന്‍ സ്വന്തം നിലയില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതുമായ രീതിയാണ് ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി. എന്നാല്‍ ഒരു കമ്പനി വിവിധ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന രീതിയാണ് മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡ്. ഈ മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഫ്‌ളിപ്കാര്‍ട്ടിന്റെ പിന്തുണയുള്ള മിന്ത്രയുടെ ഉപകമ്പനികളിലൊന്നായ വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയായിരുന്നു തട്ടിപ്പ്. മിന്ത്ര നടത്തിയ വില്‍പ്പനയുടെ സിംഹഭാഗവും ഈ കമ്പനി വഴിയായിരുന്നു. ഉപയോക്താക്കള്‍ക്ക് നേരിട്ട് നടത്തിയ ചില്ലറ വില്‍പ്പന ഹോള്‍സെയില്‍ വില്‍പ്പനയെന്ന പേരിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചില്ലറ വില്‍പ്പന രംഗത്തെ വിദേശനിക്ഷേപ ചട്ടങ്ങള്‍ മറികടക്കുന്നതിന് തന്ത്രപൂര്‍വം സ്ഥാപിച്ച കമ്പനിയാണ് വെക്ടറെന്നും ഇ.ഡി ആരോപിക്കുന്നു.
വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ വെബ്‌സൈറ്റുകളുടെ ഓഫീസില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. പ്രധാന നഗരങ്ങളിലേത് ഉള്‍പ്പെടെയുള്ള 19 ഇടങ്ങളിലാണ് കഴിഞ്ഞ വര്‍ഷം ഇ.ഡി പരിശോധന നടത്തിയത്.
Myntra and linked entities face an ED FEMA case worth ₹1,654 crore. Here’s what the charge involves and the possible fallout for India’s fashion e-commerce major
Read DhanamOnline in English
Subscribe to Dhanam Magazine