

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പോലീസിനെ അറിയിക്കാതെ ഇഡി നേരിട്ടാണ് റെയ്ഡിനെത്തിയത്. ഒരേസമയം 12 പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടറര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്തയുടെ ഓഫീസിലും വീട്ടിലും സംഘം പരിശോധന നടത്തി.
പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട കേസില്‍ ഇഡി അന്വേഷണം റദ്ദാക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി കേസില്‍ നിര്‍ണായക നീക്കം നടത്തിയത്.
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. പിണറായിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക് എന്ന സ്ഥാപനം സിഎംആര്‍എല്ലില്‍ നിന്ന് വന്‍തുക നിയമവിരുദ്ധമായി നേടിയെന്നാണ് പ്രധാന ആരോപണം.
പിണറായി വിജയനും മകള്‍ക്കുമെതിരായ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ വിജിലന്‍സ് കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാല്‍ ഇഡിയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും (SFIO) ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine