Begin typing your search above and press return to search.
രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത് ₹1,368 കോടി! കേരളത്തിലും വിവാദ നായകന്‍, 'ലോട്ടറി കിംഗ്' സാന്റിയാഗോ മാര്‍ട്ടിന് 'ക്ലിപ്പിട്ട്' ഇ.ഡി
ലോട്ടറി രാജാവ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രമുഖ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഇലക്ടറല്‍ ബോണ്ടിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ മാര്‍ട്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അന്വേഷണം. വിഷയത്തില്‍
ഏജന്‍സികള്‍ക്ക് അന്വേഷണവും പരിശോധനയും തുടരാമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെയാണ് നീക്കം.
നേരത്തെ സാന്റിയാഗോ മാര്‍ട്ടിനെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കി അന്വേഷണം അവസാനിപ്പിക്കാന്‍ തമിഴ്‌നാട് പൊലീസ് നല്‍കിയ അപേക്ഷ കീഴ്‌ക്കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിഷയത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിയെ അനുവദിക്കുകയായിരുന്നു. ഇതോടെ മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ കീറിമുറിച്ച് പരിശോധിക്കാന്‍ ഇ.ഡിക്ക് കഴിയും. ചെന്നൈയിലും പരിസര പ്രദേശത്തുമുള്ള മാര്‍ട്ടിന്റെ വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി പരിശോധനകള്‍ നടത്തി.
ഇ.ഡിയുടെ റഡാറില്‍
സിക്കിം ലോട്ടറിയുടെ വിതരണക്കാരായ ഫ്യൂച്വര്‍ ഗെയിമിംഗ് സൊലൂഷ്യന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും മാര്‍ട്ടിനും 2019 മുതല്‍ ഇ.ഡിയുടെ അന്വേഷണ പരിധിയിലാണ്. മാര്‍ട്ടിനുമായി ബന്ധപ്പെട്ട 457 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടെടുക്കുകയും ചെയ്തിരുന്നു. സിക്കിം ലോട്ടറി അനധികൃതമായി കേരളത്തില്‍ വിറ്റ് സിക്കിം സര്‍ക്കാരിന് 900 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണവും മാര്‍ട്ടിനെതിരെയുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന നല്‍കിയവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടപ്പോള്‍ മാര്‍ട്ടിന്‍ ടോപ്പ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. നേരത്തെ മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഫ്യൂച്വര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡെന്ന മാര്‍ട്ടിന്റെ കമ്പനി മാത്രം വാങ്ങിയത് 1,368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളായിരുന്നു.
കേരളത്തിലും വിവാദ നായകന്‍
13-ാം വയസില്‍ ലോട്ടറിക്കച്ചവടം ആരംഭിച്ച സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തിലും വിവാദ നായകനാണ്. 2007ല്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പാര്‍ട്ടി പത്രത്തില്‍ പരസ്യം കൊടുക്കാന്‍ 2 കോടി രൂപ വാങ്ങിയെന്ന വാര്‍ത്തകള്‍ സി.പി.എമ്മില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.പിന്നീട് 2009-2010 കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറി തട്ടിപ്പിലും മാര്‍ട്ടിന്‍ തന്നെയായിരുന്നു വില്ലന്‍ സ്ഥാനത്ത്. ഇതിന് പിന്നാലെ നടപടി തുടങ്ങിയ കൊച്ചി ഇ.ഡി ഓഫീസ് 2016ല്‍ മാര്‍ട്ടിന്റെ 126 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടെത്തിയിരുന്നു. ബിസിനസ് സാന്നിധ്യമുള്ള സ്ഥലങ്ങളിലെ പ്രധാന പാര്‍ട്ടിക്കാരുമായി ബന്ധം സ്ഥാപിക്കുന്ന മാര്‍ട്ടിന്‍ തമിഴ്‌നാട്ടിലെ ഡി.എം.കെയുമായും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാള്‍ കൂടിയാണ്.
Next Story
Videos