ദുബൈയില്‍ വീട് വാങ്ങാന്‍ ക്രിപ്‌റ്റോ കറന്‍സിയും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ചവര്‍ക്ക് പണി വരുന്നു!
ദുബൈയില്‍ വീട് വാങ്ങാന്‍ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച ഇന്ത്യക്കാര്‍ക്കെതിരേ അന്വേഷണം തുടങ്ങി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഇത്തരത്തില്‍ നിയമവിരുദ്ധമായ രീതിയില്‍ ആസ്തികള്‍ സ്വന്തമാക്കിയവര്‍ക്ക് അടുത്തിടെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് നല്കിയിരുന്നു.
വിദേശത്ത് പ്രോപ്പര്‍ട്ടി വാങ്ങുകയോ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്നവര്‍ ബാങ്കിംഗ് സംവിധാനങ്ങളിലൂടെയാണ് ഇക്കാര്യം ചെയ്യേണ്ടതെന്ന് നിയമമുണ്ട്.
ദുബൈയില്‍ അത്യാഡംബര വസതികള്‍ വാങ്ങിയ ചിലര്‍ ബാങ്കിംഗ് ചാനലുകളിലൂടെ യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. വിദേശ ഇടപാടുകള്‍ ബാങ്കുകള്‍ വഴി ചെയ്തില്ലെങ്കില്‍ അത് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന് (FEMA) എതിരാണ്.
ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളും
വീട് വാങ്ങിയ ചിലര്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് മുഴുവന്‍ ഇടപാടുകളും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ബില്‍ഡര്‍മാരുടെ വാലറ്റിലേക്ക് ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ഇവര്‍ ഇടപാട് പൂര്‍ത്തിയാക്കിയത്. മറ്റ് ചിലര്‍ പരിധിയില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യു.എ.ഇ ഫ്രീ ട്രേഡ് സോണുകളില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ഫെമ നിയമത്തിന് വിരുദ്ധമാണ്.
ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യക്കാരനായ ഒരാള്‍ വിദേശത്ത് ആസ്തി വാങ്ങിക്കുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS) വഴിയാണ് ഇടപാട് നടത്തേണ്ടത്.
ഒരു വര്‍ഷം 2.5 കോടി രൂപ വരെയാണ് ഇത്തരത്തില്‍ അയയ്ക്കാവുന്നത്. ദുബൈയിലെ ബില്‍ഡര്‍മാര്‍ നിലവില്‍ ഒരു നിയന്ത്രണവും ഇല്ലാതെ ക്രിപ്‌റ്റോ കറന്‍സിയില്‍ ഇടപാട് നടത്തുന്നത്. അധികം വൈകാതെ ഇതിനു നിയന്ത്രണം വന്നേക്കാമെന്നാണ് വിവരം.
Read DhanamOnline in English
Subscribe to Dhanam Magazine

