അനില്‍ അംബാനിക്ക് വീണ്ടും കുരുക്ക്! കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നവംബര്‍ 14ന് ഹാജരാകാന്‍ നിര്‍ദ്ദേശം

അനില്‍ അംബാനിയുമായി ബന്ധപ്പെട്ട 7,500 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നാലെയാണ് പുതിയ സമന്‍സ്
anil ambani reliance
Published on

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (PMLA) പ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി നവംബര്‍ 14ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

അനില്‍ അംബാനിയുമായി ബന്ധപ്പെട്ട 7,500 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നാലെയാണ് പുതിയ സമന്‍സ്. മുംബൈയിലെ പാലി ഹില്‍ വസതി, റിലയന്‍സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി താമസ, വാണിജ്യ ആസ്തികള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. റിലയന്‍സ് സെന്ററിന്റെ ഡല്‍ഹിയിലെ സ്ഥലവും ഡല്‍ഹി, നോയിഡ, പൂനെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങി വിവിധ നഗരങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടിയവയുടെ പട്ടികയിലുണ്ട്.

കേസ് ഇങ്ങനെ

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (RHFL) റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (RCFL) എന്നിവ പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2017 നും 2019 നും ഇടയില്‍ യെസ് ബാങ്ക് ആര്‍.എച്ച്.എഫ്.എല്‍ 2,965 കോടി രൂപയും ആര്‍.സി.എഫ്.എല്ലില്‍ 2,045 കോടി രൂപയും വിവിധ മാര്‍ഗങ്ങളിലൂടെ നിക്ഷേപിച്ചിരുന്നു.

2019 ഡിസംബറോടെ ഈ വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളായി (Non-Performing Assets) മാറി. ആര്‍.എച്ച്.എഫ്.എല്ലിന് 1,353.50 കോടിയും ആര്‍.സി.എഫ്.എല്ലിന് 1,984 കോടിയുമായിരുന്നു തിരിച്ചടക്കേണ്ടത്. ഈ ഫണ്ടുകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പകരം മറ്റ് സ്ഥാപനങ്ങളിലേക്ക് വകമാറ്റിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്.

യെസ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി.യുടെ നടപടി. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികളിലെ 17,000 കോടിയിലധികം വരുന്ന സാമ്പത്തിക ക്രമക്കേടുകളാണ് ഇ.ഡി. അന്വേഷിക്കുന്നത്.

എന്നാല്‍, ഈ സംഭവവികാസങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയിച്ചു. മാത്രമല്ല, അനില്‍ അംബാനി മൂന്നര വര്‍ഷത്തിലേറെയായി തങ്ങളുടെ ബോര്‍ഡില്‍ സേവനം അനുഷ്ഠിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

Anil Ambani has been summoned by the ED for questioning in a money laundering case on November 14, as part of an ongoing investigation into financial irregularities

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com