100 ഏക്കറില്‍ ഉയരും സൈലം സിറ്റി, 10,000 പേര്‍ക്ക് താമസസൗകര്യം, കോടികളുടെ നിക്ഷേപം; മിഷന്‍ കേരള പദ്ധതികള്‍ വെളിപ്പടുത്തി അനന്തു

കേരളത്തില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനിയായി തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് എഡ്യുടെക് മേഖലയിലെ മുന്‍നിരക്കാരായി മാറിയ കമ്പനിയാണ് സൈലം ലേണിംഗ് ആപ്ലിക്കേഷന്‍. ഡോ. അനന്തു ശശികുമാറാണ് സൈലത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും. ഇപ്പോള്‍ തന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് അനന്തു.
കോഴിക്കോട് ആസ്ഥാനമായി സൈലം സിറ്റി എന്ന പദ്ധതിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്. സൈലത്തിന്റെ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന അത്യാധുനിക ക്യാംപസാണ് സൈലം സിറ്റിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അനന്തു ധനംഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 100 ഏക്കറിലാകും പദ്ധതി നടപ്പിലാക്കുക. ഇതിനായുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
പതിനായിരം പേര്‍ക്ക് പഠിക്കാന്‍ സാധിക്കുന്ന സ്‌കൂളും കുട്ടികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റലും ഈ ടൗണ്‍ഷിപ്പില്‍ ഉണ്ടാകും. സൈലത്തിന്റെ മാതൃകമ്പനിയായ ഫിസിക്‌സ്‌വാലയാണ് പ്രധാന നിക്ഷേപകര്‍. മിഷന്‍ 2030യുടെ ഭാഗമായി നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള പദ്ധതികളും സൈലത്തിനുണ്ടെന്ന് അനന്തു പറയുന്നു.

ദക്ഷിണേന്ത്യ ലക്ഷ്യം

ദക്ഷിണേന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ് സൈലം. കോയമ്പത്തൂരില്‍ നിലവില്‍ സെന്ററുണ്ട്. സേലം, തിരുനെല്‍വേലി, ട്രിച്ചി എന്നിവിടങ്ങളിലേക്കും ഉടന്‍ എത്തും. കര്‍ണാടകയില്‍ മംഗളൂരുവിലും ഉഡുപ്പിയിലും സെന്ററുകള്‍ വരും. ദക്ഷിണേന്ത്യ മുഴുവന്‍ കവര്‍ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യം. മാതൃകമ്പനിയായ ഫിസിക്‌സ്‌വാലയാകും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഫിസിക്‌സ്‌വാലയുടെ ഐ.പി.ഒ അടുത്ത വര്‍ഷം ഉണ്ടാകുമെന്നും അനന്തു വ്യക്തമാക്കി.

സൈലത്തിന്റെ വളര്‍ച്ച

ഒരു ലക്ഷം രൂപ പോലും കൈയിലെടുക്കാനില്ലാതെയാണ് സൈലം യാത്ര ആരംഭിക്കുന്നത്. എം.ബി.ബി.എസ് പഠനത്തിനിടയിലാണ് അനന്തു സൈലം ആപ്പ് തുടങ്ങുന്നത്. നാല് വര്‍ഷം കൊണ്ട് 50 ലക്ഷം കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ സൈലത്തിന് കഴിഞ്ഞു. നിലവില്‍ 46 യൂട്യൂബ് ചാനലുകളാണ് സൈലത്തിനുള്ളത്. നാല് വര്‍ഷം കൊണ്ട് കേരളത്തിലെ 14 ജില്ലകളിലായി 2700 ജീവനക്കാരുള്ള സ്ഥാപനമായി സൈലം വളര്‍ന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി സൈലത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സെന്ററുകളിലും സ്‌കൂളുകളിലുമായി 30,000ത്തില്‍പ്പരം ഓഫ് ലൈന്‍ വിദ്യാര്‍ത്ഥികളും സൈലത്തിനുണ്ട്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it