വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയുമായി വീണ്ടും കാനഡ, ഫീസ് കുത്തനെ കൂട്ടി

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയുമായി ജനുവരി മുതല്‍ ഫീസ് കുത്തനെ കൂട്ടാന്‍ കാനഡയുടെ തീരുമാനം. അടുത്തവര്‍ഷംമുതല്‍ കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 കനേഡിയന്‍ ഡോളര്‍ (12,66,476 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇത് 10,000 ഡോളറായിരുന്നു (ഏകദേശം 6.13 ലക്ഷം രൂപ). ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. ട്യൂഷന്‍ഫീസിനും യാത്രാച്ചെലവിനും പുറമേയാണിത്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ തദ്ദേശ വിദ്യാര്‍ത്ഥികളേക്കാള്‍ അഞ്ചിരട്ടി പഠന ഫീസുണ്ട്. കാനഡയുടെ കണക്കനുസരിച്ച് ബിരുദ പ്രോഗ്രാമുകള്‍ക്ക് കനേഡിയന്‍ ബിരുദധാരികള്‍ക്ക് ചെലവാകുന്ന ഏകദേശം 5 ലക്ഷം രൂപയുമായി (6,834 കനേഡിയന്‍ ഡോളര്‍) താരതമ്യം ചെയ്യുമ്പോള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ശരാശരി 23 ലക്ഷം രൂപ (36,123 കനേഡിയന്‍ ഡോളര്‍) മുടക്കണം. ഇതിന് പുറമേയാണ് ലഭ്യത കുറവ് മൂലം കുതിച്ചുയരുന്ന ഭവന വിലയും.

വീസകളുടെ എണ്ണം നിയന്ത്രിക്കും

വിദേശ വിദ്യാര്‍ത്ഥി വീസകളുടെ എണ്ണം നിയന്ത്രിക്കുമെന്ന് കാനഡ. ഇത് കാനഡയിലെ കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും വലിയ തിരിച്ചടിയായേക്കും. വിദ്യാഭ്യാസത്തിന്റെയും ഭവനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താനാകാത്ത സഹചര്യം കണക്കിലെടുത്താണ് ഈ നീക്കമെന്ന് സൂചന. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു.കഴിഞ്ഞ വര്‍ഷം ഇത് എട്ട് ലക്ഷത്തിലധികമായി.

2022ല്‍ കാനഡയിലെത്തിയ വിദേശവിദ്യാര്‍ഥികളില്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ് കൂടുതലും.ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും ഭവനം ഉള്‍പ്പെടെയുള്ള പിന്തുണയും നല്‍കുന്ന സ്ഥാപനങ്ങളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നയം ഏപ്രില്‍ 30 വരെ നീട്ടും.

Related Articles
Next Story
Videos
Share it