തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളുമായി വിദ്യാഭ്യാസ വകുപ്പ്
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ ഒരുക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. 168 ബി.ആര്‍.സി കേന്ദ്രങ്ങളുടെ പരിധിയിലായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. ഘട്ടംഘട്ടമായി 47 സ്‌കില്‍ കോഴ്സുകളിലേക്കുള്ള പഠന സഹായികളും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ഈ പഠനസഹായികള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ലഭ്യമാക്കും.
പ്രത്യേകതകള്‍
പൊതുവിദ്യാലയങ്ങളില്‍ നേരിട്ടെത്തി തുടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 21 വയസ്സില്‍ താഴെ പ്രായമുള്ള ഏതൊരാള്‍ക്കും സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ പിന്തുണ നല്‍കും. പൊതുവിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലയെ കുറിച്ചും, വികാസ മേഖലകളെ കുറിച്ചും, സാധ്യതയെ സംബന്ധിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ വഴിയൊരുക്കും.
എ.ഐ പഠനവും
ഈ 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ പരമ്പരാഗത തൊഴില്‍ കോഴ്സുകള്‍ക്ക് പുറമേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യകളിലും പരിശീലനം നല്‍കും. ഐ.ടി, ഓട്ടോമോട്ടീവ്, റോബോട്ടിക്, എ.ഐ, കെമിക്കല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, എനര്‍ജി മാനേജ്മെന്റ്, ലൈഫ് സയന്‍സ് തുടങ്ങി പുത്തന്‍ തൊഴിലവസരങ്ങളുള്ള കോഴ്സുകളിലായിരിക്കും പ്രധാനമായും സെന്ററുകള്‍ നല്‍കുക. കൃഷി മുതല്‍ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുത്തും. വി.എച്ച്.എസ്.ഇ അധ്യാപകരുടെ സേവനം ഇതിനായി ഉപയോഗിക്കും.