

ലോകരാജ്യങ്ങള്‍ക്കെതിരേ വ്യാപാര യുദ്ധം നയിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാം തന്റെ വരുതിക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കാനഡ മുതല്‍ പശ്ചിമേഷ്യയില്‍ വരെ തന്റെ അജന്‍ഡകള്‍ കൃത്യമായി നടപ്പിലാക്കാന്‍ ട്രംപിന് സാധിക്കുന്നുമുണ്ട്. എന്നാല്‍, സ്വന്തം രാജ്യത്ത് മുട്ടവില ക്രമാതീതമായി കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനം യു.എസില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു.
പിടിതരാതെ കുതിച്ചുയര്‍ന്ന മുട്ടവിലയുടെ പഴി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ തലയില്‍ കെട്ടിവച്ചിരിക്കുകയാണ് ട്രംപും സുഹൃത്ത് ഇലോണ്‍ മസ്‌കും. വിഷയം വിദേശ മാധ്യമങ്ങളും ഏറ്റെടുത്തതോടെ മുട്ടവില പിടിച്ചുകെട്ടി മുഖം രക്ഷിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ട്രംപ് മുട്ടവിലയെ പ്രതിപാദിക്കുകയും ചെയ്തു. മുട്ടവില കുറയ്ക്കാന്‍ സാധ്യമായതു ചെയ്യുമെന്ന് പറഞ്ഞ ട്രംപ് ഇക്കാര്യത്തില്‍ ബൈഡന്‍ സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചു. ബൈഡന്റെ കാലത്ത് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പത്തു കോടിയിലധികം കോഴികളെ കൊന്നൊടുക്കിയിരുന്നു. ഈ നടപടിയിലൂടെ മുട്ട ഉത്പാദനം കുത്തനെ ഇടിഞ്ഞു.
2025ല്‍ അമേരിക്കയില്‍ മുട്ടവില 20 ശതമാനത്തിലധികം വര്‍ധിക്കുമെന്നാണ് നിഗമനം. അപ്രതീക്ഷിതമായി എത്തിയ പക്ഷിപ്പനിയാണ് മുട്ടലഭ്യതയില്‍ കുറവു വരുത്തിയത്. പക്ഷിപ്പനി നിയന്ത്രിക്കാനാണ് ബൈഡന്‍ കോഴികളെ കൊല്ലാന്‍ ഉത്തരവിട്ടത്.
വില കുതിച്ചു കയറിയതോടെ മുട്ട മോഷണങ്ങളും പെരുകിയിട്ടുണ്ട്. കഴിഞ്ഞ മാസം മുട്ടയുമായി പോയ ട്രക്ക് കൊള്ളയടിക്കപ്പെട്ടിരുന്നു. ഒരു ലക്ഷം മുട്ടകളായിരുന്നു ട്രക്കിലുണ്ടായിരുന്നത്. ഏകദേശം 34 ലക്ഷം രൂപയുടെ മുട്ടയാണ് മോഷ്ടിക്കപ്പെട്ടത്. കൂടുതല്‍ ഇറക്കുമതി നടത്തി താല്‍ക്കാലികമായി വില പിടിച്ചുനിര്‍ത്താനുള്ള നീക്കങ്ങളും ട്രംപ് ഭരണകൂടം തുടങ്ങിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine