ആത്മനിര്‍ഭര്‍ ഇന്ത്യ: ഭീഷണിയാവുകയോ വിയറ്റ്‌നാം

കോവിഡിനു ശേഷമുള്ള കാലഘട്ടത്തില്‍ മാനുഫാക്ചറിംഗ് ഹബ് ആകാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ഇന്ത്യയ്ക്ക് കടുത്ത ഭീഷണയാവുകയാണോ വിയറ്റ്‌നാം. ഇക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) പറയുന്നത് അങ്ങനെയാണ്. കുറഞ്ഞ ചെലവില്‍ ഉത്പ്പാദനം സാധ്യമാക്കുന്നതില്‍ ഇന്ത്യയ്ക്കും ചൈനയ്ക്ക് പോലും ഭീഷണിയാവുകയാണ് ഈ കുഞ്ഞന്‍ രാഷ്ട്രം.

നേരിട്ടുള്ള വിദേശ നിക്ഷേപ നയം, ഫോറിന്‍ ട്രേഡ് ആന്‍ഡ് എക്‌സ്‌ചേഞ്ച് നിയന്ത്രണം എന്നിവയില്‍ ഒട്ടേറെ ഇളവുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട് വിയറ്റ്‌നാം. മാനുഫാക്ചറിംഗ് ഹബ് എന്ന നിലയിലേക്കുള്ള വിയ്റ്റ്‌നാമിന്റെ ശ്രമം കോവിഡിന് ശേഷം തുടങ്ങിയതല്ലെന്നതാണ് യാഥാര്‍ത്ഥ്യം. വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള വ്യാപാര യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ വിയ്റ്റ്‌നാം അതില്‍ നിന്ന് എങ്ങനെ നേട്ടമുണ്ടാക്കാം എന്ന ആലോചന തുടങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈടെക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ മുതല്‍ മുടക്കുന്ന രാജ്യാന്തര കമ്പനികള്‍ക്കുള്ള ഇന്‍സെന്റീവ്, കുറഞ്ഞ വേതനത്തില്‍ ലഭിക്കുന്ന തൊഴിലാളികള്‍, സ്വന്ത്ര വ്യാപാര കരാറുകള്‍ തുടങ്ങിയ ആകര്‍ഷണമാണ് വിയ്റ്റ്‌നാമിനെ വേറിട്ടു നിര്‍ത്തുന്നത്. ഏറ്റവുമൊടുവില്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്യന്‍ യൂണിയനുമായി പോലും വ്യാപാര ബന്ധം സൃഷ്ടിക്കുന്നതില്‍ വിയറ്റ്‌നാം ഏറെ മുന്നോട്ട് പോയി.
ഇഐയുവിന്റെ അഭിപ്രായപ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പത്തില്‍ 5.5 മാര്‍ക്ക് ലഭിക്കുമെങ്കില്‍ വിയറ്റ്‌നാമിന് 6 മാര്‍ക്കാണ്. വിദേശ വ്യാപാരം, എക്‌സ്‌ചേഞ്ച് കണ്‍ട്രോള്‍ എന്നിവയില്‍ ഇന്ത്യയ്ക്ക് 5.5 മാര്‍ക്ക് ആണെങ്കില്‍ വിയ്റ്റ്‌നാമിന് 7.3 മാര്‍ക്കും ചൈനയ്ക്ക് 6.4 മാര്‍ക്കുമാണ്. തൊഴില്‍ വിപണിയുടെ കാര്യത്തില്‍ ഇന്ത്യയുടെ 5.4 മാര്‍ക്കിനേക്കാള്‍ ഭേദപ്പെട്ട 5.6 മാര്‍ക്ക് വിയറ്റ്‌നാമിന് നല്‍കുന്നു. അതേസമയം ചൈനയ്ക്ക് ഇക്കാര്യത്തില്‍ 5.7 മാര്‍ക്ക് നല്‍കുന്നുണ്ട്.
അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയും വിയ്റ്റ്‌നാമും ഏറെ പിന്നിലാണെങ്കിലും പത്തില്‍ 3.5 മാര്‍ക്കുമായി വിയറ്റ്‌നാം ഇന്ത്യയ്ക്ക് മുന്നില്‍ തന്നെയാണ്. ഇന്ത്യയ്ക്ക് നേടാനായത് 3 മാര്‍ക്ക് മാത്രമാണ്.
നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിലും തൊഴില്‍ നയത്തിലും 14 ഏഷ്യന്‍ രാജ്യങ്ങളില്‍ 12 എണ്ണവും ഇന്ത്യയേക്കാള്‍ സ്‌കോര്‍ ഉള്ളവയാണ്. വിദേശ വ്യാപാരത്തിന്റെയും എക്‌സ്‌ചേഞ്ച് കണ്‍ട്രോള്‍ എന്നിവയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ പിന്നിലായുള്ളത്. അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ബംഗ്ലാദേശ് മാത്രമാണ് പിന്നില്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it