ചെലവിന് കടിഞ്ഞാണിട്ട് തിരഞ്ഞെടുപ്പു കമ്മീഷൻ; ചായയ്ക്ക് മുതല്‍ ട്യൂബ് ലൈറ്റിന് വരെ നിരക്ക് നിശ്ചയിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. പ്രസംഗവും പ്രചാരണവും ഉള്‍പ്പെടെ ഓട്ടേറെ ജോലികളുണ്ട്. ഈ ഓട്ടപ്പാച്ചിലില്‍ ഒരുപാട് അങ്ങ് ചെലവാക്കേണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ. തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തെ ഓരോ ചെലവുകള്‍ക്കും കൃത്യമായി നിരക്കു നിശ്ചയിച്ചുകൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷൻ ചെലവിന് കടിഞ്ഞാണിട്ടിരിക്കുകയാണ്.

ഭക്ഷണത്തിന് ഇത്രയും മതി

രാവിലത്തെ ചായ മുതല്‍ അത്താഴം വരെ പ്രവര്‍ത്തകര്‍ കഴിക്കുന്ന ഭക്ഷണത്തിന് വരെ കമ്മീഷൻ നിരക്കു നിര്‍ണയിച്ചിട്ടുണ്ട്. പ്രചാരണത്തിനിടെ ഒരാള്‍ക്ക് പ്രഭാത ഭക്ഷണത്തിനു 50 രൂപയും ഉച്ചഭക്ഷണത്തിന് 75 രൂപയും. രാത്രി ഭക്ഷണത്തിനു 65 രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

മറ്റ് നിരക്കുകള്‍ ഇങ്ങനെ

ചുവരെഴുത്തിന് ഒരു ചതുരശ്ര അടിക്കു 10 രൂപ കണക്കാക്കും. സമ്മേളനസ്ഥലത്ത് നിരത്തുന്ന സാധാരണ കസേരക്ക് 7 രൂപയും വി.ഐ.പി കസേരയ്ക്ക് 50 രൂപയും മേശയ്ക്ക് 40 രൂപയും ട്യൂബ് ലൈറ്റിനു 25 രൂപയുമാണ് തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള വാടക. അച്ചടിക്കൂലിയും ഉച്ചഭാഷിണിയുടെ വാടകയുമൊക്കെ ഇതിന്റെയൊപ്പം കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 115 ഇനം സാമഗ്രികളുടെ വിലയും വാടകയുമാണ് തിരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ടത്.

സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിനു ശേഷം കണക്കു സമര്‍പ്പിക്കുമ്പോള്‍ ഈ നിരക്കുകളുമായി ചേര്‍ന്നു പോകുന്നുണ്ടോയെന്ന് പരിശോധിക്കും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ചെലവ് തിട്ടപ്പെടുത്തുക. 95 ലക്ഷം രൂപയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക.

Related Articles
Next Story
Videos
Share it