എല്ലാവരെയും സന്തോഷിപ്പിച്ച തെരഞ്ഞെടുപ്പ് ഫലം; കേരളം കൂടുതല്‍ പ്രതീക്ഷിക്കേണ്ട

ഒരു തരത്തില്‍ പറഞ്ഞാല്‍ 2024 പൊതു തെരഞ്ഞെടുപ്പ് എല്ലാവരെയും സന്തോഷിപ്പിച്ചു. വലിയ ആഘാതം നേരിട്ടുവെങ്കിലും തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനായതില്‍ എന്‍.ഡി.എ സന്തുഷരാണ്. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ കടുത്ത മത്സരം കാഴ്ചവെക്കാനായതില്‍ ഇന്ത്യാ മുന്നണിയും സന്തോഷത്തിലാണ്.

ഇ.വി.എമ്മുകള്‍ക്കെതിരായ എല്ലാ ആക്ഷേപങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യ സ്വയം തിരുത്തുന്ന ജനാധിപത്യ രാജ്യമായി മാറിയെന്ന സന്തോഷമാണ് ജനങ്ങള്‍ക്ക്.

ഇതിനിടയില്‍ സന്തോഷമില്ലാത്ത മുഖം 'കാളക്കൂറ്റന്മാരുടെയും കരടി' (Bulls and Bears) കളുടെയും മാത്രമാണ്. സെന്‍സെക്സ് ഏറ്റവും വലിയ നഷ്ടമായ 4,390 പോയ്ന്റ് ഇടിഞ്ഞതോടെ ചൊവ്വാഴ്ചത്തെ ഒറ്റ സെഷനില്‍ തുടച്ചു നീക്കപ്പെട്ടത് 31 ലക്ഷം കോടി രൂപയുടെ സമ്പത്താണ്.

വിപണി അസ്ഥിരമായി തുടര്‍ന്നേക്കും

പുതിയ ധനമന്ത്രിയെ നിയമിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരികയും ബജറ്റില്‍ പുതിയ സാമ്പത്തിക നയങ്ങളെ കുറിച്ചുള്ള വ്യക്തത ഉണ്ടാകുകയും ചെയ്യുന്നതു വരെ ഉയര്‍ന്നും താഴ്ന്നും വിപണി അസ്ഥിരമായി തന്നെ തുടരാനാണ് സാധ്യത. എന്നാല്‍ ഒരു കാര്യം ഉറപ്പാണ് കുറച്ചു കാലത്തേക്കെങ്കിലും ബജറ്റിലെ പി.എം.ഒയുടെ സ്വാധീനം ഇല്ലാതാകും. പകരം തെലുഗുദേശം നേതാവ് ചന്ദ്ര ബാബു നായിഡുവിന്റെയും ബീഹാറിലെ കരുത്തുറ്റ നേതാവ് നിതീഷ് കുമാറിന്റെയും സ്വാധീനമാകും ഉണ്ടാകുക. പുതിയ സഖ്യകക്ഷികള്‍ എന്ന നിലയില്‍ മോദിയുടെ ഖജനാവിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ അവരുടെ കൈകളിലായിരിക്കും.

വിശാലമായ അര്‍ത്ഥത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ ദിശ മാറാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നിരുന്നാലും വിപണി പരിഷ്‌കാരങ്ങളുടെയും സ്വകാര്യവത്കരണത്തിന്റെയമൊക്കെ വേഗം കുറയും. സുപ്രധാനായ നയരൂപീകരണത്തിന് ബി.ജെ.പിക്ക് ടിഡിപിയെയും നിതീഷ്‌കുമാറിന്റെ ജനതാദളി (യുണൈറ്റഡ്)നെയും ആശ്രയിക്കേണ്ടി വരും. രണ്ടാമതായി സമ്പദ്‌വ്യവസഥയില്‍ ഉപഭോഗം ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കായി ബി.ജെ.പിക്കകത്തു നിന്നും സഖ്യകക്ഷികളില്‍ നിന്നും വലിയതോതില്‍ ആവശ്യമുയരും.

നായിഡുവും നിതീഷും പരിഷ്‌കാരങ്ങള്‍, പ്രത്യേകിച്ചും ഗ്രീന്‍ഫീല്‍ ടെക്നോളജീസ് ഇഷ്ടപ്പെടുന്നവരാണെന്ന് എടുത്തു പറയേണ്ടതുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ചൊവ്വാഴ്ച ദല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ മോദി ഇക്കാര്യം സൂചിപ്പിച്ചതും.

ഈ രണ്ടുപേരില്‍ നായിഡുവാകട്ടെ നേരത്തേ ഹൈദരാബാദിനു വേണ്ടി, പ്രത്യേകിച്ച് അവിടത്തെ ഐ.ടി മേഖലയ്ക്ക് വേണ്ടി ചോദിച്ചതു പോലെ ആന്ധ്രാപ്രദേശില്‍ തന്റെ തലസ്ഥാനമായ അമരാവതി പുനര്‍നിര്‍മിക്കുന്നതിനുള്ള പിന്തുണയ്ക്കും ആനുകൂല്യങ്ങള്‍ക്കുമായി ശക്തമായി വാദിക്കും. അതിനുള്ള പ്രവര്‍ത്തനക്ഷമമായ ബ്ലൂപ്രിന്റ് അദ്ദേഹം തയാറാക്കിയിട്ടുണ്ട്. അത് നടപ്പിലാക്കാനുള്ള ശക്തമായ ആഗ്രഹം അദ്ദേഹത്തിനുണ്ട്.

നിതീഷ് കുമാറും ഒട്ടും പിന്നിലല്ല. അടുത്ത വര്‍ഷം ഒക്‌കോബര്‍-നവംബര്‍ മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബീഹാറിന് പ്രത്യേക പദവി ലഭിക്കണമെന്ന് ആവശ്യപ്പെടും. അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കാന്‍ പോന്നതാണ്. ബീഹാറിന് പ്രത്യേക പദവി അനുവദിച്ചാല്‍ ആന്ധ്രാപ്രദേശിനും വേണമെന്ന് നായിഡു ആവശ്യപ്പെടും.

പരിഷ്‌കാരങ്ങള്‍ക്ക് വേഗത കുറയും

ഭൂമി, കൃഷി, തൊഴില്‍ സംബന്ധിച്ച പരിഷ്‌കാരങ്ങളാകും മാറ്റിവെക്കേണ്ടി വരുന്ന മറ്റു മേഖലകള്‍. സ്വകാര്യവത്കരണത്തിനും ആസ്തി വിറ്റഴിക്കലിനും വലിയ തടസം നേരിടും. എന്നിരുന്നാലും സാമ്പത്തിക വളര്‍ച്ചയ്ക്ക് താങ്ങാകുന്ന തരത്തില്‍ പൊതു അടിസ്ഥാന സൗകര്യവികസനത്തില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് തുടര്‍ന്നും കഴിയുമെന്ന് മാത്രമല്ല ഒരുപക്ഷേ ഉത്തേജനം കൂടുകയും ചെയ്യും.

പ്രതിരോധം, ബഹിരാകാശ സാങ്കേതിക വിദ്യ എന്നിവയില്‍ സ്വകാര്യവത്കരണം തുടരും. പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ജനറേറ്റീവ് ഇന്റലിജന്‍സ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തുന്നതില്‍. ഇക്കാര്യങ്ങളില്‍ നായിഡുവിന്റെ അനുമതി ഉടനെ ലഭിക്കുകയും ചെയ്യും.

നിലവിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേഗതയും വ്യവസായ അനുകൂല നയങ്ങളും വരും സര്‍ക്കാരിനു കീഴിലും ഉണ്ടാകണമെന്നാണ് ഇന്ത്യന്‍ ഫണ്ട് മാനേജര്‍മാരുടെ ആഗ്രഹം.

എന്നാല്‍ ഏപ്രിലില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ വിപണിയില്‍ ജാഗ്രത പുലര്‍ത്തി വരുന്ന വിദേശ ഫണ്ട് മാനേജര്‍മാരാകട്ടെ നിലവിലെ സ്ഥിതി തുടരുമെന്ന വിശ്വാസത്തിലാണ്. ആവേശത്തോടെ പുതുതായി പണം നിക്ഷേപിക്കുകയോ നിക്ഷേപം പിന്‍വലിക്കുകയോ ചെയ്യരുതെന്ന നിലപാടിലാണവര്‍. ലോക്സഭയില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ സീറ്റുകളാണ് ലഭിച്ചതെന്നതിനാല്‍ ബി.ജെ.പിക്ക് വരും ദിവസങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കുറയുമെന്ന നിഗമനത്തിലാണ് ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍.

100 ദിന പരിപാടി

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാനമന്ത്രിയുടെ നൂറുദിന പദ്ധതി പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ ഉപേക്ഷിക്കാനിടയില്ല. കടുത്ത പരിഷ്‌കരണ നടപടികള്‍ എടുക്കുന്നതില്‍ സഖ്യസര്‍ക്കാര്‍ എന്ന നിലയില്‍ സെലക്ടീവ് ആകേണ്ടി വരുമെങ്കിലും നൂറുദിന പരിപാടികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ആദ്യ നൂറുദിന പരിപാടിയിലെ സര്‍ക്കാരിന്റെ പ്രധാന അജണ്ട ഇന്‍ഷുറന്‍സ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, പാപ്പര്‍ നിയമ സംഹിത (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപറ്റ്സി കോഡ് (IBC), പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (PLI) പദ്ധതിയുടെ വിപുലീകരണം എന്നിവയാണ്.

ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പി.എല്‍.ഐ പദ്ധതി മൊബീല്‍ നിര്‍മാണം ഒഴികെ മറ്റൊരു മേഖലയിലും ഇതു വരെ ഫലം കണ്ടിട്ടില്ല. നിലവില്‍ 14 മേഖലകള്‍ക്ക് ബാധകമായ ഈ പദ്ധതി വളരാന്‍ സാധ്യതകളുള്ള കുറച്ചു മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചേക്കും. കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പദ്ധതി മെച്ചപ്പെടുത്താനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍.

ഇന്ത്യ എ.ഐ മിഷന് സമാരംഭം കുറിക്കല്‍, ഐ.ടി നിയമ ഭേദഗതി, അപെക്സ് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡി.പി.ഐ) കമ്മിറ്റി രൂപീകരണം തുടങ്ങി 20 സുപ്രധാന സംഭവങ്ങള്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (MEITY) ഏറ്റെടുക്കും. നിലവിലുള്ള വൈദ്യുതി ഉത്പാദന ശേഷി കൂട്ടുക, കല്‍ക്കരി, ജലവൈദ്യുതി എന്നിവ സംബന്ധിച്ച നയങ്ങളില്‍ മാറ്റം വരുത്തുക എന്നിവയും പദ്ധതിയിലുണ്ട്.

ഈ വര്‍ഷം ഇതുവരെ 4 ശതകോടി ഡോളര്‍ സമാഹരിച്ച് ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.പി.ഒ വിപണിയായി ഉയര്‍ന്നു വന്ന ഇന്ത്യന്‍ ഐ.പി.ഒ തരംഗത്തെയും തെരഞ്ഞെടുപ്പ് ഫലം ബാധിച്ചേക്കില്ല. അടുത്ത സര്‍ക്കാര്‍ രൂപീകരണവുമായി എന്‍.ഡി.എ തിരിച്ചെത്തുന്നതോടെ നയങ്ങളുടെ തുടര്‍ച്ച സംബന്ധിച്ച പ്രതീക്ഷയില്‍ വരും മാസങ്ങളിലും ഐ.പി.ഒ കുതിപ്പ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിക്ഷേപങ്ങളും പുതിയ പദ്ധതികളും പ്രധാനമായും ആന്ധ്രാപ്രദേശിലേക്കും കര്‍ണാടകയിലേക്കും ഒഴുകുമെന്നതിനാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം കാര്യമായി ഒന്നും പ്രതീക്ഷിക്കാനില്ല. കേന്ദ്രം കേരളത്തിനു മുന്നില്‍ പേഴ്സ് തുറന്നേക്കില്ല. എന്നാല്‍ 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അത് സംഭവിക്കുകയും ചെയ്യാം. പുതിയ കേന്ദ്ര ബജറ്റിലെ നയരൂപീകരണത്തെ ആശ്രയിച്ചാകും ഭാവി. വിപണിയുടെ തുടക്കം അതായിരിക്കും.

(പ്രമുഖ കോളമിസ്റ്റായ ശങ്കര്‍ രാജ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ (ബാംഗ്ലൂർ) മുൻ റസിഡൻ്റ് എഡിറ്റര്‍ ആയിരുന്നു.)

Shankar Raj
Shankar Raj - Noted Columnist and Former Resident Editor of The New Indian Express  

Related Articles

Next Story

Videos

Share it