

തിരഞ്ഞെടുപ്പ് കാലത്ത് പണമൊഴുക്ക് കൂടും! അത് പണ്ടേയുള്ള കീഴ്‌വഴക്കമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറ്റ് അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ പരിശോധന നടത്തി കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുക്കാറുമുണ്ട്.
ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പ് കൊഴുക്കുമ്പോള്‍ പണത്തിന് പുറമേ മദ്യവും പൊന്നും മയക്കുമരുന്നുമെല്ലാം കുതിച്ചൊഴുകുകയാണെന്ന് കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 18 വരെയായി തിരഞ്ഞെടുപ്പ് കമ്മിഷനും മറ്റ് ഏജന്‍സികളും രാജ്യാവ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിടിച്ചെടുത്തത് പണമടക്കം മൊത്തം 8,889.74 കോടി രൂപയുടെ വസ്തുക്കളാണ്. ഇത് റെക്കോഡാണ്.
മയക്കുമരുന്നാണ് കൂടുതല്‍
ഏറ്റവും ആശങ്കപ്പെടുത്തുന്നത് എന്തെന്നാല്‍ ഇക്കുറി ഏറ്റവുമധികം പിടിച്ചെടുത്തത് മയക്കുമരുന്നുകളാണെന്നതാണ്. 3,958.85 കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. അതായത് കണ്ടുകെട്ടിയ മൊത്തം തുകയുടെ 45 ശതമാനവും മയക്കുമരുന്ന്.
സമ്മാനങ്ങളും മറ്റുമായുള്ള 2,006.56 കോടി രൂപയുടെ ഉത്പന്നങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണം അടക്കമുള്ള അമൂല്യലോഹങ്ങളായി 1,260.33 കോടി രൂപയുടെ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
814.85 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തവയിലുണ്ട്. കാശായി കണ്ടെടുത്തത് 849.15 കോടി രൂപ.
കൂടുതലും ഗുജറാത്തില്‍
മദ്യം, പണം, മയക്കുമരുന്ന്, സ്വര്‍ണം തുടങ്ങി ഏറ്റവുമധികം തുകയുടെ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്; 1,461.73 രൂപ. ഇതില്‍ 1,188 കോടി രൂപയും മയക്കുമരുന്ന്. രാജസ്ഥാനില്‍ നിന്ന് 1,133.82 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും പിടികൂടിയിട്ടുണ്ട്.
97.62 കോടി രൂപയാണ് കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഇതില്‍ 15.66 കോടി രൂപ കാശും 3.63 കോടിയുടെ മദ്യവും 45.82 കോടി രൂപയുടെ മയക്കുമരുന്നുമാണ്. സ്വര്‍ണം ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് പിടിച്ചെടുത്ത അമൂല്യ ലോഹങ്ങളുടെ മൂല്യം 26.83 കോടി രൂപ.
Read DhanamOnline in English
Subscribe to Dhanam Magazine