19 ലക്ഷം രൂപ വരെ ഇന്‍സെന്റീവ്! ഇലക്ട്രിക് ട്രക്ക് വാങ്ങുന്നവര്‍ക്ക് സബ്സിഡി നല്‍കാന്‍ കേന്ദ്രം, വില്‍പ്പന ടോപ് ഗിയറിലേക്ക്

വാഹന വിലയുടെ 10-15 ശതമാനം വരെ സബ്‌സിഡിയായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്
Electric Truck
Canva
Published on

കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും പിന്നാലെ ഇലക്ട്രിക് ട്രക്കുകള്‍ക്കും സബ്‌സിഡി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നോവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്‌മെന്റ് (പിഎം ഇ-ഡ്രൈവ്) പദ്ധതി പ്രകാരം ഇലക്ട്രിക് ട്രക്കുകള്‍ക്ക് 19 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ചരക്കുഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നീക്കത്തിനാകുമെന്നാണ് പ്രതീക്ഷ.

ഇന്‍സെന്റീവ് ഇങ്ങനെ

പി.എം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴില്‍ 500 കോടി രൂപയാണ് ഇലക്ട്രിക്ക് ട്രക്കുകള്‍ക്ക് വേണ്ടി കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും രണ്ട് സാധ്യതകളാണ് കേന്ദ്രം പരിഗണിക്കുന്നത്. വാഹനത്തിന്റെ ബാറ്ററിയുടെ ശേഷി അനുസരിച്ചായിരിക്കും കിലോവാട്ട് അവര്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി നിശ്ചയിക്കുക. കിലോവാട്ട് അവറിന് 5,000 രൂപ അല്ലെങ്കില്‍ 7,500 രൂപ എന്നിങ്ങനെ രണ്ട് രീതികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയുടെ 10-15 ശതമാനം സബ്‌സിഡിയായി നല്‍കാനാണ് ആലോചന. 55 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള വാഹനത്തിന് 12.5 ലക്ഷം രൂപയെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ ആദ്യത്തെ സാധ്യത പരിഗണിച്ചാല്‍ ഏതാണ്ട് 5,000 ട്രക്കുകള്‍ക്കെങ്കിലും സബ്‌സിഡി ലഭിക്കും.

നിലവില്‍ ഇരട്ടി വില

വിപണിയിലുള്ള ഡീസല്‍ ട്രക്കുകളേക്കാള്‍ ഇരട്ടിവിലയാണ് ഇപ്പോള്‍ ഇവി ട്രക്കുകള്‍ക്ക് നല്‍കേണ്ടത്. 3.5-7.5 ടണ്ണുള്ള ഒരു ഡീസല്‍ ട്രക്ക് 17 ലക്ഷം രൂപക്ക് ലഭിക്കുമെങ്കില്‍ സമാനശേഷിയുള്ള ഇലക്ട്രിക് പതിപ്പിന് 34 ലക്ഷം രൂപയിലധികം കൊടുക്കണം. എന്നാല്‍ പുതിയ സബ്‌സിഡി വരുമ്പോള്‍ 4.8 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇത്തരം ട്രക്കുകള്‍ക്ക് ആകെ വിലയുടെ 20 ശതമാനം വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍ 1.2 കോടി രൂപ വരെ വിലയുള്ള 55 ടണ്‍ ശേഷിയുള്ള വലിയ ട്രക്കുകള്‍ക്ക് 12.5 ലക്ഷം രൂപ വരെയും ലഭിക്കും. ഇക്കാര്യത്തില്‍ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ബന്ധപ്പെട്ട കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

സബ്‌സിഡി പോരെന്ന് കമ്പനികള്‍

അതേസമയം, ട്രക്കുകള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന സബ്‌സിഡി അപര്യാപ്തമാണെന്ന് ഇ-ട്രക്ക് നിര്‍മാണ കമ്പനികളുടെ വാദം. ഇലക്ട്രിക് ബസുകള്‍ക്ക് 35 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കുന്നതാണ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പൊതുഗതാഗത രംഗത്തെ ശക്തിപ്പെടുത്താനാണ് ബസുകള്‍ക്ക് സബ്‌സിഡ് നല്‍കുന്നതെന്നും ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍ക്ക് അധിക സബ്‌സിഡിയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇ-ട്രക്ക് വില്‍പ്പന കുതിക്കും

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അയ്യായിരത്തോളം ഇലക്ട്രിക്ക് ട്രക്കുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന്‍ ഡാഷ്‌ബോര്‍ഡിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡീസല്‍/ സി.എന്‍.ജി ഇന്ധനങ്ങളേക്കാള്‍ വില കൂടൂതലാണെന്നതാണ് മിക്കവരെയും ഇ.വികളില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ വാഹന വിലയില്‍ 10-15 ശതമാനം വരെ സബ്‌സിഡ് നല്‍കാനുള്ള തീരുമാനം ഇത്തരക്കാരുടെ ഭാരം കുറക്കും. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് അറ്റകുറ്റപ്പണികള്‍ കുറവാണെന്നത് പ്രവര്‍ത്തന ചെലവിലും കാര്യമായ മാറ്റമുണ്ടാക്കും. ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഡെല്‍ഹിവെറി തുടങ്ങിയവര്‍ ഇ-ട്രക്കുകള്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ദേശീയപാതകളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കൊപ്പം വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള പദ്ധതി കൂടി പ്രാവര്‍ത്തികമാകുന്നതോടെ ഇ-ട്രക്ക് വിപണിയില്‍ വലിയ പുരോഗതിയുണ്ടാകുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com