വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ ശ്രമം; മഴക്കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നു

സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. മഴ കുറഞ്ഞതും 465 മെഗാവാട്ട് വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതും മുന്‍കരാറുകളനുസരിച്ച് വൈദ്യുതി നല്‍കേണ്ട കമ്പനികള്‍ ഉല്‍പാദനം കുറച്ചതുമെല്ലാം ഇതിന് കാരണമായി.

ഓണം വരുന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനും വൈദ്യുതി ബോര്‍ഡിന് സാധിക്കാത്ത അവസ്ഥ. ഇതോടെ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി പുറത്തുനിന്നു വാങ്ങിയും ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചും 500 മെഗാവാട്ടിന്റെ പ്രതിദിന കമ്മി നേരിടാന്‍ സര്‍ക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചു.

വാങ്ങുന്നത് അധികബാധ്യത

നിലവില്‍ മഴ കുറവായതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതിക്ക് യൂണിറ്റിനു ശരാശരി 7 രൂപയാണ്. വൈകുന്നേരങ്ങളില്‍ ഇതു 10 രൂപ വരെയാകും. പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിനുള്ള അധികബാധ്യത പ്രതിദിനം 10 കോടി രൂപയില്‍ നിന്നു 15 കോടിയാകും. ഇതോടെയാണ് ജല വൈദ്യുതിയുടെ ഉല്‍പാദനം കൂട്ടാനുള്ള തീരുമാനത്തിലെത്തിയത്.

എന്നാല്‍ ഡാമുകളില്‍ വെള്ളം കുറവായതിനാല്‍ ഉല്‍പാദനം കൂട്ടുന്നതോടെ ജലനിരപ്പ് അതിവേഗം താഴാന്‍ സാധ്യതയുണ്ട്. അതേസമയം സെപ്റ്റംബറില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ മഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.

21ന് വീണ്ടും യോഗം

റദ്ദാക്കിയ കരാറുകളില്‍നിന്ന് 75 ദിവസംകൂടി വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷനോട് അനുമതി ചോദിക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.എസ്.ഇ.ബി.ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം റദ്ദാക്കിയ കരാറുകള്‍ക്കു പകരം അഞ്ചുവര്‍ഷത്തെ ഹ്രസ്വകാല കരാറിന് കെ.എസ്.ഇ.ബി. ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

ഇതിന്റെ നപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പഴയ കരാറുകളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കമ്മിഷന്‍ അനുവദിയ്ക്കാന്‍ ഇടയുണ്ട്. സ്ഥിതി വിലയിരുത്താന്‍ 21ന് വീണ്ടും യോഗം ചേരും. നിലവില്‍ സെപ്റ്റംബറില്‍ മഴ ലഭിക്കുകയും കമ്പനികള്‍ പഴയകരാറിലെ കുറഞ്ഞനിരക്കില്‍ തുടര്‍ന്നും വൈദ്യുതി നല്‍കാന്‍ തയ്യാറാകുകയും ചെയ്താല്‍ ഈ പ്രതിസന്ധിയ്ക്ക് ഒരു പരിധിവരെ പരിഹാരമാകും.

Related Articles
Next Story
Videos
Share it