₹32,000 കോടിയുടെ വിപണി! 153 രാജ്യങ്ങളില്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍, വീണ്ടും വളരാന്‍ ഇ-ടോയ് ലാബിന് തുടക്കം

2018-19 കാലഘട്ടത്തില്‍ 896 കോടി രൂപയുടെ കളിപ്പാട്ടങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തതെങ്കില്‍ 2023-24ലെത്തിയപ്പോള്‍ ഇത് 1,250 കോടി രൂപയായി വര്‍ധിച്ചു
₹32,000 കോടിയുടെ വിപണി! 153 രാജ്യങ്ങളില്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍, വീണ്ടും വളരാന്‍ ഇ-ടോയ് ലാബിന് തുടക്കം
canva
Published on

രാജ്യത്തെ ആദ്യ ഇലക്ട്രോണിക് ടോയ് ലാബ് തുറന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY). നോയ്ഡയിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗിലാണിത്. ഇലക്ട്രോണിക് ടോയ് വ്യവസായത്തിന് വേണ്ട ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിന്റെ ഭാഗമാണ് നീക്കം.

എന്താണ് ഇ-ടോയ്‌സ് ലാബ്

എഞ്ചിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, സംരംഭകര്‍ എന്നിവര്‍ക്ക് തങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ പരീക്ഷിക്കാനും ഇലക്ട്രോണിക് കളിപ്പാട്ട രംഗത്ത് ഗവേഷണങ്ങള്‍ നടത്താനും സഹായിക്കുന്ന കേന്ദ്രമാണിത്. ആദ്യഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിലെ പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യുവ എഞ്ചിനീയര്‍മാര്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്.

പരിശീലനം ഇങ്ങനെ

ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. ആദ്യ ആറ് മാസം കളിപ്പാട്ടങ്ങളുടെ ഡിസൈന്‍, പ്രവര്‍ത്തനം, നിര്‍മാണം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കും. തുടര്‍ന്നുള്ള കാലയളവില്‍ വ്യാവസായിക പരിശീലനവും വിപണിക്ക് ആവശ്യമായ രീതിയിലുള്ള പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കുന്നതിനുമുള്ള പരിശീലനവും ഇവര്‍ക്ക് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 25,000 രൂപ വരെ സ്റ്റൈപ്പന്‍ഡും ലഭിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

153 രാജ്യങ്ങളിലേക്ക്

രാജ്യത്ത് ആവശ്യമായ കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നതായിരുന്നു വര്‍ഷങ്ങളായുള്ള പതിവ്. എന്നാല്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇറക്കുമതി കുറച്ച് രാജ്യത്ത് തന്നെ നിര്‍മാണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഒരു കാലത്ത് ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഇന്ത്യ നിലവില്‍ 153 രാജ്യങ്ങളിലേക്ക് കളിപ്പാട്ടങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക്. 2019വരെ ചൈനീസ് കളിപ്പാട്ടങ്ങളായിരുന്നു ഇന്ത്യന്‍ വിപണിയെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇത്തരം കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ 2020 ഫെബ്രുവരിയില്‍ ഇന്ത്യ ഇരുപതില്‍ നിന്ന് 60 ശതമാനമാക്കി വര്‍ധിപ്പിച്ചു. 2023ല്‍ ഇത് 70 ശതമാനത്തിലേക്കും ഉയര്‍ത്തി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് അനുസരിച്ച് ഇന്ത്യന്‍ വിപണിയിലുള്ള 64 ശതമാനം കളിപ്പാട്ടങ്ങളും ചൈനീസ് നിര്‍മിതമാണ്. എന്നാല്‍ അളവ് ഗണ്യമായി കുറഞ്ഞു. കളിപ്പാട്ടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ഗുണമേന്മ ചട്ടങ്ങള്‍ കൊണ്ടുവന്നതും നിര്‍ണായകമായി.

കോടികളുടെ വിപണി

2022ല്‍ 1.5 ബില്യന്‍ ഡോളര്‍ (ഏകദേശം 13,400 കോടി രൂപ) മൂല്യമുണ്ടായിരുന്ന ഇന്ത്യന്‍ കളിപ്പാട്ട വിപണി 2028ലെത്തുമ്പോള്‍ 3 ബില്യന്‍ ഡോളര്‍ (ഏകദേശം 26,800 കോടി രൂപ) മൂല്യമുള്ളതായി മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2030ലെത്തുമ്പോള്‍ 3.6 ബില്യന്‍ ഡോളര്‍ (ഏകദേശം 32,000 കോടി രൂപ) ആയി വിപണി മാറുമെന്നും പ്രവചനങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കളിപ്പാട്ട കയറ്റുമതിയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചിട്ടുണ്ട്. 2018-19 കാലഘട്ടത്തില്‍ 896 കോടി രൂപയുടെ കളിപ്പാട്ടങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തതെങ്കില്‍ 2023-24ലെത്തിയപ്പോള്‍ ഇത് 1,250 കോടി രൂപയായി വര്‍ധിച്ചു. 40 ശതമാനത്തിന്റെ വര്‍ധന. സമാനകാലയളവില്‍ ഇറക്കുമതി കുത്തനെ ഇടിയുകയും ചെയ്തു. 2,500 കോടി രൂപയില്‍ നിന്ന് 535 കോടി രൂപയിലേക്കാണ് ഇറക്കുമതി എത്തിയതെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (GTRI) കണക്കുകള്‍ പറയുന്നത്.

ഡിമാന്‍ഡിന് പിന്നിലെന്ത്

രാജ്യത്ത് ഗുണമേന്മയുള്ള കളിപ്പാട്ടങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണുള്ളതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കുട്ടികള്‍ക്ക് വേണ്ടി മികച്ച കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കാന്‍ താത്പര്യമുള്ളവരാണ് നിലവിലെ മാതാപിതാക്കള്‍. വില കുറഞ്ഞവയേക്കാള്‍ പ്രീമിയം ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍. നാട്ടിന്‍പുറങ്ങളില്‍ പോലും കളിപ്പാട്ട കടകള്‍ വ്യാപകമായത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. പണ്ടൊക്കെ കുട്ടികള്‍ക്ക് വേണ്ടി മാത്രമായിരുന്നു കളിപ്പാട്ടങ്ങള്‍ മാറിയതെങ്കില്‍ ഇന്ന് മുതിര്‍ന്നവരും ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ലബുബു പാവയുടെയു ഹോട്ട്‌വീല്‍സിന്റെയുമൊക്കെ ഉപയോക്താക്കള്‍ മുതിര്‍ന്നവരാണ്.

വലിയ സാധ്യത

എന്നാല്‍ കളിപ്പാട്ട നിര്‍മാണ രംഗത്തിലെ വലിയൊരു ഭാഗവും അസംഘടിത മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 90 ശതമാനം കമ്പനികളും കുറഞ്ഞ മുതല്‍ മുടക്കിലും പരിമിതമായ സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് കേന്ദ്രസര്‍ക്കാരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇ-ടോയ്‌സ് ലാബ് പോലുള്ള കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ക്ക് ഈ മേഖലയില്‍ വ്യവസായങ്ങളും സ്റ്റാര്‍ട്ടപ്പുകളും തുടങ്ങാവുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

MeitY has inaugurated an Electronic Toys Lab at C-DAC Noida as an R&D and training hub to help young engineers design electronic toys and strengthen India’s indigenous toy ecosystem.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com