അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ ഇടപ്പള്ളി വരെ നീട്ടിയേക്കും, സാധ്യമായാല്‍ 30 കിലോമീറ്ററില്‍ ആകാശപാത

നിലവിലെ ഇടപ്പള്ളി-അരൂര്‍ പാത വീതി കൂട്ടുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍
elevated higway
പ്രതീകാത്മക ചിത്രംcanva
Published on

ദേശീയ പാത66ലെ 12.75 കിലോമീറ്റര്‍ നീളമുള്ള അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ ഇടപ്പള്ളി വരെ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലാണ്. അരൂര്‍-ഇടപ്പള്ളി എലിവേറ്റഡ് ഹൈവേ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. പാതയുടെ നിര്‍മാണം വൈകിക്കരുതെന്ന് അടുത്തിടെ ഹൈബി ഈഡന്‍ എം.പിയും ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള 17 കിലോമീറ്റര്‍ പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാല് വരി പാതയും സര്‍വീസ് റോഡും നിലവില്‍ വന്നിരുന്നു. എന്നാല്‍ ആറ് വരിയില്‍ പുതിയ ദേശീയ പാത വരുന്നതോടെ കൊച്ചി നഗരത്തില്‍ മാത്രം ഗതാഗതം ഇഴയുമെന്ന ആശങ്ക ശക്തമാണ്. ഒരു ലക്ഷം വാഹനങ്ങള്‍ ദിവസവും ഇതുവഴി കടന്നുപോകുമെന്നാണ് ദേശീയ പാത അതോറിറ്റിയുടെ കണക്ക്. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇത് വര്‍ധിക്കാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള റോഡ് വീതി കൂട്ടാന്‍ ആലോചിച്ചത്.

ഭൂമിയേറ്റെടുക്കലിന് ചെലവേറും

നിലവിലെ റോഡിന്റെ ഇരുവശത്തും നിരവധി വ്യാപാര സ്ഥാപനങ്ങളുള്ളതിനാല്‍ ഭൂമിയേറ്റെടുക്കല്‍ ചെലവേറിയതാകും. അതുകൊണ്ട് തന്നെ ഭൂമിയേറ്റെടുത്ത് ആറ് വരിയില്‍ ഹൈവേ നിര്‍മാണം നടക്കില്ല. ഇതിന് പരിഹാരമായാണ് റോഡിന് നടുവിലെ ഒറ്റത്തൂണില്‍ ഉയരപാത നിര്‍മിക്കാന്‍ ആലോചിക്കുന്നത്. 3,600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാത യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ തന്നെ ഏറ്റവും നീളത്തിലുള്ള ഒറ്റത്തൂണ്‍ ഉയരപാതയാകും.

നിലവില്‍ അരൂര്‍-ഇടപ്പള്ളി ഭാഗത്തെ പ്രധാന ജംഗ്ഷനുകളിലെല്ലാം മേല്‍പ്പാലങ്ങള്‍ ആറുവരിയാണ്. ഇവക്ക് സമാന്തരമായിട്ടാകും പുതിയ ഉയരപ്പാതയുടെ നിര്‍മാണം. അങ്കമാലിയില്‍ നിന്നും കുണ്ടന്നൂരിലേക്ക് നീളുന്ന ബൈപ്പാസ് പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൊച്ചി നഗരത്തില്‍ പ്രവേശിക്കാതെ അങ്കമാലിയില്‍ നിന്നും തിരിഞ്ഞ് കുണ്ടന്നൂരിലെത്തി ദേശീയപാതയിലൂടെ യാത്ര തുടരാനാവുന്ന വിധത്തിലാണ് റോഡിന്റെ ക്രമീകരണം.

അതേസമയം, ബൈപ്പാസ് വന്നാല്‍ കൊച്ചി നഗരത്തിലെ തിരക്ക് കുറയാനുള്ള സാധ്യതയും ഉയരപ്പാതയുടെ നിര്‍മാണം വലിയ ഗതാഗത കുരുക്കിന് കാരണമാകുമെന്നതും കണക്കിലെടുത്ത് നിലവിലെ പാത മതിയെന്ന് തീരുമാനിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com