വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാനാകുമോ? ഇലോണ്‍ മസ്‌ക് പറയുന്നത് ഇങ്ങനെ

തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രമുഖ ടെക്‌നോക്രാറ്റായ ഇലോണ്‍ മസ്‌ക് വീണ്ടും രംഗത്തെത്തി. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമുള്ളവയാണെന്നും പേപ്പര്‍ ബാലറ്റാണ് സുരക്ഷിതമെന്നും പുതിയ വീഡിയോയില്‍ ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌ക് പറയുന്നു. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനൊപ്പം പെന്‍സില്‍വാനിയയില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഇലോണ്‍ മസ്‌കിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ ലോകത്താകമാനം വൈറലായി മാറിയിട്ടുണ്ട്. 47 മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ 58 സെക്കന്റ് മാത്രമാണ് മസ്‌ക് ഇ.വി.എമ്മുകളെ കുറിച്ച് സംസാരിച്ചത്. ഇതി്‌ന്റെ വീഡിയോ ക്ലിപ്പിനാണ് ഏറെ പ്രചാരം ലഭിക്കുന്നത്.

കമ്പ്യൂട്ടറുകളെ തീരെ വിശ്വാസമില്ല

താന്‍ ഒരു ടെക്‌നോളജിസ്റ്റ് ആണ്. കമ്പ്യൂട്ടറുകളെ കുറിച്ച് ഏറെ അറിയാം. എന്നാല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ വിശ്വസിക്കാവാനില്ല, കാരണം, അത് ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഒരു ചെറിയ കോഡ് ചേര്‍ക്കുന്നത് എളുപ്പമാണ്. എന്നാൽ പേപ്പര്‍ ബാലറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്-ഇലോണ്‍ മസ്‌ക് പറഞ്ഞു. മസ്‌കിന്റെ വീഡിയോ ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. ഇലോണ്‍ മസ്‌ക് ഇ.വി.എമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രസ്താവന നടത്തുന്നത് ആദ്യമല്ല. ഇന്ത്യയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മെഷീനുകള്‍ മനുഷ്യരോ നിര്‍മിത ബുദ്ധിയോ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മസ്‌കിന്റെ പ്രസ്താവനക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇ.വി.എമ്മിനെ കുറിച്ച് മസ്‌കിന് ക്ലാസെടുക്കാമെന്ന് മുന്‍ ഇന്റഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. മസ്‌കിന്റെ പുതിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രംഗത്തു വന്നിട്ടുണ്ട്. കനത്ത സാങ്കേതിക സുരക്ഷയുള്ളതാണ് ഇ.വി.എമ്മുകളെന്നും കുറ്റമറ്റ സംവിധാനങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Related Articles
Next Story
Videos
Share it