വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഇലോണ്‍ മസ്‌ക് ഇന്ത്യയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച ?

ഇന്ത്യയില്‍ കാര്‍, ബാറ്ററി നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി
Photo : Elonmusk / Instagram
Photo : Elonmusk / Instagram
Published on

ടെസ്ല ഗ്രൂപ്പ് സി.ഇ.ഒ ഇലോണ്‍ മസ്‌ക് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ (വി.ജി.ജി.എസ്) പങ്കെടുത്തേക്കും.  ഗുജറാത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയേക്കുമെന്ന്‌ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ടെസ്ലയുടെ കാര്‍, ബാറ്ററി നിര്‍മാണ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ വിവിധ സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടന്നു വരുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് പരിഗണനയിൽ ഉള്ളതെങ്കിലും ഗുജറാത്തിനാണ് നിലവിൽ കൂടുതൽ സാധ്യത. 

വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുമായി ടെസ്ല ധാരണാപത്രം (എം.ഒ.യു) ഒപ്പുവെക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇക്കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എം.ഡി രാഹുല്‍ ഗുപ്ത പറഞ്ഞത്. 

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

ടെസ്‌ല മെയ്ഡ് ഇന്‍ ഇന്ത്യ എത്തുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് ജൂണില്‍ കൂടിക്കാഴ്ച നടത്തിയതു മുതല്‍ ടെസ്ലയുടെ നിര്‍മാണ പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണ്. പൂര്‍ണമായും അസംബിള്‍ ചെയ്ത ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 60 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കാന്‍ ടെസ്ല നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ തള്ളിയിരുന്നു. പ്രാദേശിക നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നത്.

ഇന്ത്യയില്‍ ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതു വരെ രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള തീരുവ 15 ശതമാനമാക്കണമെന്നാണ് ടെസ്ലയുടെ ആവശ്യം. എന്നാൽ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ഒരു സാമ്പത്തിക വർഷം ഇറക്കുമതി ചെയ്യുന്നതിന്റെ മൊത്തം വൈദ്യുത വാഹനങ്ങളുടെ 10 ശതമാനത്തിന് (അതായത് 10,000) ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാനാണ്. മോദിയുമായി കൂടിക്കാഴ്ച നടന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് തീരുമാനമായേക്കും. 

2030 ഓടെ 30% ഇലക്ട്രിക് വാഹന വ്യാപനം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടെസ്ലയെ ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ്. ഗുജറാത്ത് സമ്മിറ്റിലെ ചര്‍ച്ചകള്‍ മസ്‌കിന് വിജയമായാല്‍ ടെസ്‌ല 'മെയ്ഡ് ഇന്‍ ഇന്ത്യ' പുറത്തിറങ്ങിയേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com