

ഇനി മുതല്‍ 24 മണിക്കൂറും കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ആഗോളതലത്തില്‍ പണിമുടക്കിയതിനും യൂറോപ്പില്‍ ടെസ്‌ലയുടെ വില്‍പ്പനയെ ചൈനീസ് കമ്പനിയായ ബി.വൈ.ഡി മറികടന്നതിനും പിന്നാലെയാണ് മസ്‌കിന്റെ പ്രഖ്യാപനം.
യു.എസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുത്തതോടെ മസ്‌കിനെ സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്ത് നിയമിച്ചിരുന്നു. പിന്നാലെ മസ്‌കിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ യു.എസിലും ലോകമാനവും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മസ്‌കിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ വില്‍പ്പനയെയും പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 300 മില്യന്‍ ഡോളര്‍ ചെലവഴിച്ച മസ്‌ക് ഇതോടെ രാഷ്ട്രീയ ചെലവുകള്‍ കുറക്കുകയാണെന്നും കമ്പനിക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് രണ്ട് തവണയായി എക്‌സ് (പഴയ ട്വിറ്റര്‍) പ്രവര്‍ത്തനം യു.എസില്‍ തടസപ്പെട്ടത്. ഇന്ത്യ, ജര്‍മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും എക്‌സ് പണിമുടക്കിയെന്ന് ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ലോഗിന്‍ ചെയ്യുന്നതിനും പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യുന്നതിനുമാണ് പ്രശ്‌നങ്ങളുണ്ടായിരുന്നത്. കമ്പനിയുടെ ഒരു ഡാറ്റ സെന്ററില്‍ വന്ന തകരാറാണ് ഇതിന് പിന്നിലെന്നാണ് വിവരം. യഥാര്‍ത്ഥ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നാണ് എക്‌സ് പറയുന്നത്.
ഇതാദ്യമായി യൂറോപ്യന്‍ വിപണിയില്‍ ടെസ്‌ലയേക്കാള്‍ കൂടുതല്‍ കാറുകള്‍ ചൈനീസ് കമ്പനിയായ ബി.വൈ.ഡി വിറ്റെന്ന കണക്കുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നു. 7,231 ബാറ്ററി ഇലക്ട്രിക് വാഹനങ്ങളാണ് ഏപ്രിലില്‍ ബി.വൈ.ഡി യൂറോപ്യന്‍ വിപണിയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 169 ശതമാനം കൂടുതലാണിത്. എന്നാല്‍ ടെസ്‌ല ഈ കാലയളവില്‍ 7,165 വാഹനങ്ങളാണ് വിറ്റതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. യൂറോപ്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നത് ഫോക്‌സ്‌വാഗനാണ്. ബി.വൈ.ഡിക്ക് പത്തും ടെസ്‌ലക്ക് 11ാം സ്ഥാനവുമാണ് ഇക്കാര്യത്തിലുള്ളത്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE)യെ നയിച്ചിരുന്ന മസ്‌ക് ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി തൊഴിലുകളും കരാറുകളും റദ്ദാക്കിയിരുന്നു. ഇതിലുള്ള പ്രതിഷേധം മസ്‌കിന്റെ കമ്പനികള്‍ക്ക് നേരെ തിരിഞ്ഞതോടെ നിക്ഷേപകരും എതിര്‍ ശബ്ദമുയര്‍ത്തി. ഇതോടെ കമ്പനിക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്നും ഡോജിന്റെ കാര്യത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇടപെടൂ എന്നും നിക്ഷേപകര്‍ക്ക് മസ്‌ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് 24 മണിക്കൂറും ഇനി കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മസ്‌ക് അറിയിച്ചത്.
24 മണിക്കൂറും കമ്പനിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇനി ഉറക്കം കോണ്‍ഫറന്‍സ്/ സെര്‍വര്‍ / ഫാക്ടറി റൂമുകളിലായിരിക്കും. എക്‌സ്, എക്‌സ് എ.ഐ, ടെസ്‌ല, അടുത്ത ആഴ്ച വിക്ഷേപിക്കാനിരിക്കുന്ന സ്റ്റാര്‍ഷിപ്പ് എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുത്തേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine