ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റ് ഇന്ത്യയിലേക്ക്: ബുക്ക് ചെയ്യുന്നതെങ്ങനെ ?​

ടെസ്‌ലയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയിലേക്ക് സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റുമായി ഇലോണ്‍ മസ്‌ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റ് 2022 ഓടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള ബുക്കിംഗുകളും ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. 99 ഡോളര്‍ (ഏകദേശം 7200) രൂപയാണ് ബുക്കിംഗ് നിരക്ക്. നിലവില്‍ ബീറ്റാ പരിശോധനാഘട്ടത്തിലാണ് സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റ്.

ഏതൊരു ഉപഭോക്താവിനും അവരുടെ പ്രദേശത്തെ സേവനങ്ങളുടെ ലഭ്യത സ്റ്റാര്‍ലിങ്കിന്റെ വെബ്സൈറ്റ് വഴി പരിശോധിക്കാന്‍ കഴിയും. ''ഇപ്പോള്‍ ഒരു കവറേജ് ഏരിയയില്‍ പരിമിതമായ എണ്ണം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാകുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ എന്ന നിലയിലാണ് ഓര്‍ഡറുകള്‍ നിറവേറ്റുക' സ്റ്റാര്‍ലിങ്ക് വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയിലുള്ളവര്‍ക്ക് 99 ഡോളര്‍ ഡെപ്പോസിറ്റ് ചെയ്ത് ബുക്ക് ചെയ്യാന്‍ കഴിയും. www.starlink.com എന്ന വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ നഗരവും പോസ്റ്റല്‍ കോഡും ടൈപ്പ് ചെയ്ത് സേവനത്തിന്റെ ലഭ്യത പരിശോധിക്കാന്‍ കഴിയും. തുടക്കത്തില്‍ ഇന്ത്യയിലും ആദ്യമെത്തുന്നവര്‍ എന്ന രീതിയിലാണ് സേവനം നല്‍കുക. ബുക്കിംഗ് പിന്‍വലിക്കാനും അവസരമുണ്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, യുഎസ്എ, ഓസ്ട്രേലിയ, മെക്‌സിക്കോ എന്നിവിടങ്ങളിലെ 499 ഡോളറിനാണ് സ്റ്റാര്‍ലിങ്ക് കിറ്റ് ലഭിക്കുന്നത്. സ്റ്റാര്‍ലിങ്ക്, വൈഫൈ റൂട്ടര്‍, പവര്‍ സപ്ലൈ, കേബിളുകള്‍, മൗണ്ടിംഗ് ട്രൈപോഡ് എന്നിവയുള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്യേണ്ടതെല്ലാം ഈ കിറ്റിലൂടെ ലഭിക്കും. നിലവില്‍ സെക്കന്റില്‍ 150 എംബിയാണ് ഇതിന്റെ വേഗത. ഇത് 300 എംബിയാക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it