ടെസ്‌ല ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാവും, സ്റ്റോക്ക് മാര്‍ക്കറ്റിനെ മൈന്‍ഡ് ചെയ്യേണ്ടെന്ന് മസ്‌ക്
ഓഹരി വിപണിയെ മൈന്‍ഡ് ചെയ്യേണ്ടെന്ന് ടെസ്‌ല (Tesla) സിഇഒ ഇലോണ്‍ മസ്‌ക് (Elon Musk) . ടെസ്‌ലയുടെ ഓഹരി വില കുത്തനെ ഇടിയുന്ന സാഹചര്യത്തിലാണ് ജീവനക്കാരോട് മസ്‌കിന്റെ നിര്‍ദ്ദേശം. ഭാവിയില്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ടെസ്‌ല മാറുമെന്നും ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മസ്‌ക് പറയുന്നു.
ടെസ്‌ലയിലെ ജീവനക്കാര്‍ക്ക് പാക്കേജിന്റെ ഭാഗമായി ഓഹരികളും നല്‍കിയിട്ടുണ്ട്. ഓഹരി ഉടമകളായ ജീവനക്കാരുടെ ആശങ്ക ഒഴിവാക്കുന്നതിന് കൂടിയാണ് മസ്‌ക് ഇ-മെയില്‍ സന്ദേശം അയച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനത്തെയും ഡിമാന്‍ഡിനെയും ഒരുപോലെ ബാധിച്ചിരുന്നു. ഡിമാന്‍ഡിലുണ്ടായ ഇടിവ്, മസ്‌കിന്റെ ഓഹരി വില്‍പ്പന, ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ തുടങ്ങിയവയും ടെസ്‌ലയുടെ ഓഹരി വിലയെ സ്വാധീനിച്ച ഘടകങ്ങളാണ്.
2022 തുടങ്ങിയ ശേഷം കമ്പനിയുടെ ഓഹരികള്‍ 69 ശതമാനത്തോളം ആണ് ഇടിഞ്ഞത്. ജനുവരിയില്‍ 399 ഡോളറുണ്ടായിരുന്ന ടെസ്‌ല ഓഹരികളുടെ നിലവിലെ വില 121.82 ഡോളറാണ്. വില്‍പ്പന കൂട്ടുന്നതിന്റെ ഭാഗമായി യുഎസിലും ചൈനയിലും ടെസ്‌ല മോഡലുകള്‍ക്ക് വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനം കൂട്ടാനും ജീവനക്കാര്‍ക്ക് മസ്‌ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.