ട്രംപിൻ്റെ പ്രചാരണത്തിന് മസ്കിൻ്റെ 'മാസപ്പടി' 376 കോടി

ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സി.ഇ.ഒ ഇലോൺ മസ്‌കിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിന് വന്‍ തുക സംഭാവന ചെയ്യാനുളള പദ്ധതിയുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വീണ്ടും പ്രസിഡന്റ് ആകാനായി തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയിരിക്കുന്ന ട്രംപിന്റെ പ്രചാരണ ചെലവുകള്‍ക്കായാണ് 376 കോടിയോളം രൂപ മസ്‌ക് സംഭാവന ചെയ്യുന്നത്.
വധശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം ഇന്നലെ നടന്ന റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ദേശീയ കൺവെൻഷനില്‍ ട്രംപ് നാടകീയമായ രംഗപ്രവേശനം നടത്തി. വലത് ചെവി പൊതിഞ്ഞ കട്ടിയുള്ള ബാൻഡേജുമായിയാണ് ട്രംപ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. 18ാം തീയതി റിപ്പബ്ലിക്കൻ പാര്‍ട്ടി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പാർട്ടിയുടെ നാമനിർദ്ദേശം ട്രംപ് ഔദ്യോഗികമായി സ്വീകരിക്കും.
നവംബർ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെയാണ് ട്രംപ് മത്സരിക്കുന്നത്. 78 കാരനായ ട്രംപും 81 കാരനായ ബൈഡനും തമ്മിൽ കടുത്ത മത്സരമാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. പല പ്രധാന ചാഞ്ചാട്ടമുളള സ്റ്റേറ്റുകളിലും ട്രംപിന് ലീഡും പ്രവചിക്കുന്നുണ്ട്. അതേസമയം, തോറ്റാൽ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Related Articles
Next Story
Videos
Share it