ചെലവു കുറഞ്ഞില്ല, ബിസിനസിലും വീഴ്ച, ലക്ഷ്യം തെറ്റി മസ്‌ക്, ട്രംപുമായി അടിച്ചു പിരിഞ്ഞോ? രാഷ്ട്രീയ മോഹഭംഗത്തില്‍ ലോകവ്യവസായി
കഴിഞ്ഞ ദിവസം യു.എസ് കോണ്‍ഗ്രസ് പാസാക്കിയ നികുതി ബില്‍ നിരാശപ്പെടുത്തിയെന്ന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ പിന്തുണയുള്ള ബില്ലിനെതിരെ മസ്‌ക് പരസ്യ നിലപാടെടുത്തത് അഭ്യൂഹങ്ങള്‍ ശക്തമാക്കി. സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ (One Big Beautiful Bill) എന്ന പേരില്‍ അറിയപ്പെട്ട നിര്‍ദ്ദേശത്തിനെതിരെ ശബ്ദമുയര്‍ത്തിയത്.
മസ്‌കിന്റെ വാക്കുകള്‍ ഇങ്ങനെ '' ഇത്തരമൊരു നിയമം പാസാക്കപ്പെട്ടതില്‍ ഞാന്‍ നിരാശനാണ്. ഇത് രാജ്യത്തിന്റെ ചെലവ് വര്‍ധിപ്പിക്കും, കുറക്കില്ല. ഇത്രയും കാലം ഡോജ് ( ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) ചെയ്ത നല്ല പ്രവര്‍ത്തനങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ബില്‍''
ട്രംപും മസ്‌കും തെറ്റിയോ
ഇതോടെ ട്രംപും മസ്‌കും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായോ എന്നാണ് എല്ലാവരുടെയും സംശയം. രാഷ്ട്രീയം മതിയാക്കി 24 മണിക്കൂറും ബിസിനസില്‍ ശ്രദ്ധിക്കുമെന്ന് കഴിഞ്ഞ ദിവസം മസ്‌ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നികുതി ബില്ലിലും മസ്‌കിന്റെ അഭിപ്രായ പ്രകടനം. യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മസ്‌കിനെ ചെലവ് നിയന്ത്രിക്കുന്നതിനുള്ള ചുമതലയില്‍ ട്രംപ് നിയമിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ചെലവ് നിയന്ത്രിക്കാന്‍ നടപടിയെടുത്ത മസ്‌കിനെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധമാണ് നടന്നത്. ഇത് ബിസിനസിനെയും ബാധിക്കാന്‍ തുടങ്ങിയതോടെ ടെസ്‌ലയിലെ നിക്ഷേപകരും എതിര്‍ ശബ്ദമുയര്‍ത്തി. ഇതോടെയാണ് ബിസിനസില്‍ ശ്രദ്ധിക്കുമെന്ന് മസ്‌ക് നിലപാടെടുത്തത്. എന്നാല്‍ ഇരുവരും തമ്മില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
പടിയിറക്കം ഉടന്‍
അതേസമയം ഈ മാസം അവസാനത്തോടെ ഇലോണ്‍ മസ്‌ക് ഡോജിന്റെ ചുമതല ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ചെലവ് കുറക്കല്‍ സംഘത്തില്‍ കുറച്ചുകാലം മാത്രം പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാണ് മസ്‌ക് വന്നതെന്നും അതുകഴിഞ്ഞാല്‍ അദ്ദേഹം പടിയിറങ്ങുമെന്നും ട്രംപും അടുത്തിടെ പറഞ്ഞിരുന്നു. മസ്‌കിനെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയി (എസ്.ജി.ഇ) എന്ന പദവിയിലാണ് നിയമിച്ചിരുന്നത്. ഓരോ വര്‍ഷവും 130 ദിവസം വരെയാണ് ഈ പദവിയില്‍ ജോലി ചെയ്യാനാവുക.
Elon Musk criticizes Donald Trump’s tax policy, triggering speculation about the end of their once-friendly alliance.
Read DhanamOnline in English
Subscribe to Dhanam Magazine