
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രപും ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ ശക്തമായ പ്രതികരണം തുടര്‍ന്ന മസ്‌ക് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പറഞ്ഞു. മസ്‌കിനും കമ്പനിക്കും യു.എസ് സര്‍ക്കാര്‍ നല്‍കി സബ്‌സിഡികളെല്ലാം റദ്ദാക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഒരു കാലത്ത് ഉറ്റചങ്ങാതിമാരായിരുന്ന ട്രംപും മസ്‌കും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് പോകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അമേരിക്കന്‍ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ മസ്‌കിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും ദക്ഷിണാഫ്രിക്കയിലേക്ക് തന്നെ തിരിച്ചുപോകേണ്ടി വരുമെന്നും പറഞ്ഞായിരുന്നു ട്രംപിന്റെ തിരിച്ചടി. സര്‍ക്കാര്‍ ചെലവുകള്‍ കുറക്കുന്നതിന് വേണ്ടി മസ്‌കിന്റെ കമ്പനികള്‍ക്ക് നല്‍കിയ സബ്‌സിഡികളെക്കുറിച്ച് പരിശോധിക്കാനും ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും ഇങ്ങനെ സബ്‌സിഡികള്‍ ലഭിച്ചിട്ടുണ്ടാകില്ല. സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ കടയടച്ച് ദക്ഷിണാഫ്രിക്കയിലേക്ക് തന്നെ തിരിച്ചുപോകേണ്ടി വരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ യു.എസ് സെനറ്റ് പാസാക്കിയാല്‍ താന്‍ അമേരിക്കന്‍ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമെന്ന മസ്‌കിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടും ട്രംപ് ആവര്‍ത്തിച്ചു. ഇ.വികള്‍ നല്ലതാണെങ്കിലും അവ ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഇലോണ്‍ മസ്‌ക് തന്നെ പിന്തുണച്ചത് താന്‍ ഇ.വി വിരുദ്ധനാണെന്ന് മനസിലാക്കിയിട്ട് തന്നെയാണ്. ഇ.വികള്‍ ആളുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ താന്‍ എപ്പോഴും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബൈഡന്‍ സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന പല ഇളവുകളും ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ റദ്ദാക്കിയിരുന്നു. ട്രംപും മസ്‌കും തെറ്റാനുള്ള ഒരു കാരണം ഇതാണെന്നും ആരോപണമുണ്ട്.
സര്‍ക്കാരിന്റെ ചെലവ് കുറക്കാന്‍ വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ ട്രംപിന്റെ നികുതി ബില്‍ രാജ്യത്തിന്റെ വായ്പാഭാരം വര്‍ധിപ്പിക്കുമെന്നും ഇത് നാണക്കേടാണെന്നും മസ്‌ക് പറഞ്ഞു. ഇങ്ങനെയൊരു ബില്‍ പാസാക്കുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം താന്‍ അമേരിക്കന്‍ പാര്‍ട്ടിക്ക് തുടക്കമിടുമെന്നും അദ്ദേഹം പിന്നാലെ കൂട്ടിച്ചേര്‍ത്തു. ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കനുകളെയും മാറിമാറി പരീക്ഷിച്ച യു.എസ് ജനതക്ക് സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതിനുള്ള വേദിയായിരിക്കും പുതിയ പാര്‍ട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. ഇതിന്റെ പേരില്‍ സബ്‌സിഡികള്‍ നഷ്ടപ്പെടുമെന്ന് താന്‍ ആശങ്കപ്പെടുന്നില്ല. ഇത്തരമൊരു വായ്പാ കെണി ഒരുക്കിയാല്‍ ഭാവിയിലെ വ്യവസായങ്ങള്‍ മുഴുവന്‍ തകരുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കാലം മുതല്‍ ട്രംപിന് വേണ്ടി തീവ്രമായി വാദിച്ചയാളാണ് ടെസ്‌ല മോട്ടോഴ്‌സിന്റെ സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ട്രംപ് അധികാരത്തിലെത്തിയതോടെ മസ്‌കിനെ സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കുന്നതിനുള്ള വകുപ്പിന്റെ മേധാവിയായി നിയമിച്ചു. മസ്‌കിന്റെ പല തീരുമാനങ്ങളും ജനങ്ങളുടെ അപ്രീതിക്കിടയാക്കി. ഇത് ബാധിച്ചത് മസ്‌കിന്റെ ബിസിനസുകളെയാണ്. യൂറോപ്പിലും മറ്റ് പല വിപണികളിലും മാസങ്ങളായി ടെസ്‌ല കാറുകളുടെ വില്‍പ്പന താഴോട്ടാണ്. ട്രംപ് കൊണ്ടുവന്ന നികുതി ബില്‍ അമേരിക്കയിലെ പൊതുകടം 4 ലക്ഷം കോടി ഡോളറെങ്കിലും വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ മാറിയത്. ട്രംപുമായി തെറ്റിയ മസ്‌ക് പരസ്യമായി തന്നെ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. ഇടക്ക് ഇരുവരും സമവായത്തിലെത്തിയെന്ന് തോന്നിച്ചെങ്കിലും വീണ്ടും ഏറ്റുമുട്ടലിലേക്ക് തന്നെ പോവുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine