

ഇലോണ്‍ മസ്‌കിന്റ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററിന്റെ അന്തിമ അനുമതിയാണ് ലഭിച്ചത്. ഇതോടെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഗാര്‍ഹിക ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സ്‌പേസ് എക്‌സിന് കഴിയും. 2030 ജൂലൈ ഏഴ് വരെയാണ് അനുമതി. 4,000 സാറ്റലൈറ്റുകള്‍ ഉപയോഗിച്ചായിരിക്കും സ്‌പേസ് എക്‌സിന്റെ പ്രവര്‍ത്തനം. ജിയോയുടെ സംയുക്ത സംരംഭമായ ലക്‌സംബര്‍ഗ് കമ്പനി എസ്.ഇ.എസിനും അനുമതി ലഭിച്ചിട്ടുണ്ട്. ആമസോണ്‍ കമ്പനിയായ ക്യൂപര്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
വാണിജ്യാടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന് സ്‌പേസ് എക്‌സിന് സ്‌പെക്ട്രം അനുമതി വൈകും. പുതിയ സ്‌പെക്ട്രം അപേക്ഷകളില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനമെടുത്തിട്ടില്ല. ലൈസന്‍സ് ഫീസ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം വരാനിരിക്കുകയാണ്. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ കമ്പനികള്‍ എജിആറിന്റെ എട്ടു ശതമാനം ലൈസന്‍സ് ഫീസ് നല്‍കണമെന്നാണ് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഓരോ ഉപയോക്താവിനും വാര്‍ഷിക ഫീസായി 500 രൂപ നല്‍കണമെന്ന് ട്രായ് നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച് ടെലികോം കമ്പനികളുമായി ചര്‍ച്ച നടന്നു വരികയാണ്. ചര്‍ച്ചകളില്‍ അന്തിമ തീരുമാനമാകുമ്പോള്‍ പരിക്ഷണാടിസ്ഥാനത്തിലാകും കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിക്കുക.
സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഏത് രീതിയിലുള്ള നിരക്കുകളാണ് ഏര്‍പ്പെടുത്തുകയെന്നത് വ്യക്തമായിട്ടില്ല. അമേരിക്കയില്‍ ഉയര്‍ന്ന നിരക്കുള്ള സേവനമാണ് അവര്‍ നല്‍കുന്നത്. അതേസമയം, ഇന്ത്യയിലെ കടുത്ത മല്‍സരത്തിനിടയില്‍ ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് സൂചന. 2021 മുതല്‍ ലൈന്‍സന്‍സിനായി ശ്രമിക്കുന്ന സ്റ്റാര്‍ലിങ്ക് അതിന്റെ ഉപയോക്താക്കളില്‍ നിന്ന് ബുക്കിംഗ് നടത്തിയിരുന്നു. 5,000 രൂപ വീതമാണ് വാങ്ങിയത്. എന്നാല്‍ ലൈന്‍സന്‍സ് ലഭിക്കാതെ ബുക്കിംഗ് നടത്തിയതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയും പണം തിരികെ നല്‍കുകയും ചെയ്തിരുന്നു.
സ്റ്റാര്‍ലിങ്ക് പ്രതിമാസം 850 രൂപക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിരക്കുകള്‍ കുറച്ച് ഒരു കോടി വരിക്കാരെ ചേര്‍ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാല്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ 3,000 രൂപ വരെ പ്രതിമാസം കമ്പനി ഈടാക്കുന്നുണ്ട്. ഇന്ത്യയിലെ നിരക്കുകള്‍ എത്രയായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine