

പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്നുള്ള പരോക്ഷ സൂചന നല്‍കിയിരുന്നു. ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനുള്ള തീയതിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പെട്ടെന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ ഷോറൂം തുറക്കാനാണ് മസ്‌കിന് പദ്ധതിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ 3,000 മുതല്‍ 5,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ഥലം ഇതിനായി നോക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡി.എല്‍.എഫ് ഉള്‍പ്പെടെ ചില റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ടെസ്‌ല ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണ ഡല്‍ഹിയിലെ ഡി.എല്‍.എഫ് അവന്യു മാള്‍, ഗുരുഗ്രാമിലെ സൈബര്‍ ഹബ് കോംപ്ലക്‌സ് എന്നിവിടങ്ങളും കമ്പനിയുടെ പരിഗണനയിലുണ്ട്.
ഇന്ത്യയിലേക്കുള്ള വരവ് വൈകില്ലെന്ന് ഈ വര്‍ഷം ആദ്യം മസ്‌ക് പ്രഖ്യാപിച്ചിരുന്നു. 2-3 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടതും.
ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണി നിലവില്‍ 2 ശതമാനം മാത്രമാണ്. 2030ഓടെ ഇത് 30 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇ.വി നിര്‍മാതാക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി നിരവധി ഇന്‍സെന്റീവ് സ്‌കീമുകളും കേന്ദ്രം അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ കുറച്ചു കാലമായി ടെസ്‌ല നീക്കം നടത്തുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് കമ്പനിയെ ഇതുവരെ തടഞ്ഞു നിര്‍ത്തിയത്. പുതിയ വൈദ്യുത വാഹന നയപ്രകാരം 500 മില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുകയും മൂന്നു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്താല്‍ ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന വാഗ്ദാനം കേന്ദ്രം നല്‍കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine