
ഇന്ത്യയില്‍ നിന്ന് മറ്റു വിപണികളിലേക്ക് ഫോക്കസ് മാറ്റാനൊരുങ്ങി ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഉഭയകക്ഷി കരാര്‍ അനുസരിച്ചുള്ള സീറ്റ് ക്വാട്ടയുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് കാരണം. ഒരു കാലത്ത് എമിറേറ്റ്‌സിന്റെ ടോപ് ഫൈവ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യ നിലവില്‍ ടോപ്പ് 10 വിപണിയായി മാറിയെന്നും എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഷ്യല്‍ ഓഫീസറുമായ അദ്‌നാന്‍ കാസിം ദി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
ഉന്നതതലത്തില്‍ തീരുമാനിക്കപ്പെടുന്ന എയര്‍ സര്‍വീസ് കരാറിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം നിശ്ചയിക്കുന്നത്. നിലവിലെ എയര്‍ സര്‍വീസ് കരാര്‍ അനുസരിച്ച് പ്രതിവാരം 65,000 സീറ്റുകളാണ് എമിറേറ്റ്‌സ് അടക്കമുള്ള ദുബായ് വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് അനുവദിച്ചിട്ടുള്ളത്. ദുബായിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികള്‍ക്കെല്ലാം കൂടി ലഭിക്കുന്നതും പ്രതിവാരം 65,000 സീറ്റുകളാണ്. ഒരു പതിറ്റാണ്ടായി സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിട്ടില്ല. അബുദാബിയിലേക്ക് പ്രതിവാരം 50,000 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
നിലവിലെ പ്രതിവാര സീറ്റുകള്‍ മതിയാകുന്നില്ലെന്നും പരിധി ഉയര്‍ത്തണമെന്നുമാണ് എമിറേറ്റ്‌സിന്റെ ആവശ്യം. പ്രതിവാരം രണ്ട് ലക്ഷം സീറ്റുകള്‍ ലഭിച്ചാലും മതിയാകില്ലെന്നാണ് എമിറേറ്റ്‌സ് പറയുന്നത്. നിലവിലെ എല്ലാ സര്‍വീസുകളിലും 95 ശതമാനം വരെ സീറ്റുകളിലും ആളുണ്ട്. എന്നാല്‍ 2014ന് ശേഷം ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ ഒരൊറ്റ സീറ്റ് പോലും അധികമായി ലഭിച്ചിട്ടില്ല. ഇന്ത്യന്‍ വിപണി പ്രാധാന്യമുള്ളതാണെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശ്രദ്ധമാറ്റുകയാണെന്നുമാണ് എമിറേറ്റ്‌സിന്റെ വിശദീകരണം. ഇന്ത്യയിലെ ടിയര്‍ 2 നഗരങ്ങളിലേക്ക് ദുബായില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്താമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും നടന്നില്ലെന്നും അദ്‌നാന്‍ കാസിം പറയുന്നു.
നിലവിലെ എയര്‍ സര്‍വീസ് കരാറിന്റെ അടിസ്ഥാനത്തിലുള്ള സീറ്റുകളെല്ലാം ഇന്ത്യയിലെ വിമാനക്കമ്പനികള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. വിമാനങ്ങളുടെ കുറവാണ് ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന തടസം. അതുകൊണ്ട് തന്നെ പ്രതിവാര സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനോട് എയര്‍ ഇന്ത്യക്കും ഇന്‍ഡിഗോക്കും യോജിപ്പില്ല. നിലവിലെ സീറ്റുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ ശേഷം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്.
വിദേശ സര്‍വീസിനായി ഇന്ത്യന്‍ കമ്പനികള്‍ ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. അതിനുമുമ്പ് സീറ്റുകള്‍ കൂട്ടിയാല്‍ നിരവധി വിമാനങ്ങള്‍ സ്വന്തമായുള്ള വിദേശ വിമാനക്കമ്പനികള്‍ ആധിപത്യം നേടുമെന്നും ഇവര്‍ പറയുന്നു. ദുബായ് വഴി ലോകത്തിന്റെ പലയിടങ്ങളിലേക്കും എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ കൂടുതലായി ഇതിനെ ആശ്രയിച്ചാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാണെന്നും ഇവര്‍ വാദിക്കുന്നു. ഇന്ത്യന്‍ കമ്പനികളെ പിന്തുണക്കുന്ന നയം സ്വീകരിക്കുന്നതിനാല്‍ സര്‍ക്കാരിനും ഇതേനിലപാടാണ്.
അതേസമയം, മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് തിരിച്ചടിയാണ് നിലവിലെ പ്രതിസന്ധി. നിലവില്‍ കൊച്ചിയിലേക്ക് പതിനാലും തിരുവനന്തപുരത്തേക്ക് ഏഴും സര്‍വീസുകളാണ് പ്രതിവാരം എമിറേറ്റ്‌സ് നടത്തുന്നത്. സീറ്റുകളുടെ എണ്ണം കൂട്ടിയാല്‍ ഈ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ദുബായിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചാല്‍ ടിക്കറ്റ് നിരക്കിലും കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെയും പ്രതീക്ഷ.
Emirates repositions strategy away from India due to capped bilateral flight rights—even as demand exceeds supply—highlighting a key shift in global aviation.
Read DhanamOnline in English
Subscribe to Dhanam Magazine