ഗോകുലം ഗോപാലനെ സംശയമുനയില്‍ നിര്‍ത്തി ഇ.ഡി; വീണ്ടും ചോദ്യം ചെയ്യുന്നു

ഗോകുലം നിര്‍മിച്ച ചില സിനിമകളില്‍ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്ന സൂചനയാണ് ഇ.ഡി നല്‍കുന്നത്
Gokulam Gopalan
Facebook / Sree Gokulam Movies
Published on

എംപുരാന്‍ സിനിമയുടെ സഹനിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. വിദേശ വിനിമയ (ഫെമ) ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

തന്നെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇ.ഡി ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന വാര്‍ത്ത തെറ്റാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. കഴിഞ്ഞ ദിവസം ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈ കോടമ്പാക്കത്തെയും കോഴിക്കോട്ടെയും ഓഫീസുകളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു.

ഫെമ നിയമലംഘനം

ഫെമ നിയമം ലംഘിച്ച് വിദേശ മലയാളികളുടെ കൈയില്‍ നിന്ന് 1,000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചെന്നാണ് ഇ.ഡി പറയുന്നത്. പ്രവാസികളില്‍ നിന്ന് ചിട്ടിക്കെന്ന പേരില്‍ 593 കോടി രൂപ അനധികൃതമായി സമാഹരിച്ചുവെന്നും പിന്നീട് ഈ തുക പണമായി കൈമാറിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തുകയില്‍ നിന്നാണ് ഒന്നരക്കോടി രൂപ ഇ.ഡി പിടിച്ചെടുത്തത്.

മൂന്നുവര്‍ഷം മുമ്പ് 2022ല്‍ ഇ.ഡി കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഗോകുലം നിര്‍മിച്ച ചില സിനിമകളില്‍ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്ന സൂചനയാണ് ഇ.ഡി നല്‍കുന്നത്.

ഗോകുലം ഗോപാലന്‍ സഹനിര്‍മാതാവായ എംപുരാന്‍ സിനിമയ്‌ക്കെതിരേ വലിയ പ്രതിഷേധം നേരത്തെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ നടപടികളെന്ന് വിമര്‍ശനമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com