mohan lal and empuran film poster
x.com/Mohanlal

770ല്‍ 700 സ്‌ക്രീനുകളിലും റിലീസ്, ആദ്യ ആഴ്ചയില്‍ പരമാവധി കളക്ഷന്‍ ലക്ഷ്യം, ഒ.ടി.ടിയും റെക്കോഡ് മറികടക്കും; എംപുരാനില്‍ പ്രതീക്ഷയര്‍പ്പിച്ച് മലയാള സിനിമ

കേരളത്തിനു പുറത്തും പരമാവധി തീയറ്ററുകളില്‍ ചിത്രം എത്തിക്കുന്നുണ്ട്. റിലീസ് തിയതി മുതല്‍ പ്രമോഷന്‍ വരെ കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ടു പോകുന്നത്
Published on

മലയാള സിനിമ ആകെ പ്രതിസന്ധിയിലാണ്. 2025ല്‍ റിലീസുകളുടെ എണ്ണം 50നടുത്തെത്തി. ആകെ വിജയിച്ചത് ഒരേയൊരു ചിത്രം മാത്രവും. ജൂണ്‍ മുതല്‍ സിനിമ ഷൂട്ടിംഗ് ഉള്‍പ്പെടെ നിര്‍ത്തിവച്ച് സമരമെന്ന് പ്രഖ്യാപിച്ച് നിര്‍മാതാക്കളുടെ സംഘടനയും. ഇത്തരത്തില്‍ ആകെ മൊത്തം പ്രതിസന്ധിയുടെ കയത്തില്‍ നില്‍ക്കുകയാണ് മലയാള സിനിമ. തീയറ്ററുകളില്‍ നിന്ന് അകന്ന പ്രേക്ഷകരെ തിരികെയെത്തിക്കാന്‍ ഇന്‍ഡസ്ട്രിയുടെ അവസാന പ്രതീക്ഷയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന റോളിലെത്തുന്ന എംപുരാന്‍.

140 കോടി രൂപയുടെ ബജറ്റില്‍ ഇതര ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 27നാണ്. തീയറ്ററുകളില്‍ നിന്ന് പരമാവധി കളക്ഷന്‍ നേടാനുള്ള തന്ത്രങ്ങളാണ് നിര്‍മാതാക്കള്‍ പയറ്റുന്നത്. ആദ്യ രണ്ടാഴ്ച പരമാവധി കളക്ഷന്‍ നേടി തീയറ്ററില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാണ് ശ്രമം. കേരളത്തിലെ 700 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

സംസ്ഥാനത്ത് ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസാകും എംപുരാന്‍. ലഭ്യമായ സ്‌ക്രീനുകളുടെ 90 ശതമാനവും ഉപയോഗപ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നത്. കേരളത്തിനു പുറത്തും പരമാവധി തീയറ്ററുകളില്‍ ചിത്രം എത്തിക്കുന്നുണ്ട്. റിലീസ് തിയതി മുതല്‍ പ്രമോഷന്‍ വരെ കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ടു പോകുന്നത്.

വലിയ ഹൈപ്പില്‍ എത്തുന്ന എംപുരാനോട് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ ചില ചിത്രങ്ങളുടെ റിലീസിംഗ് അണിയറ പ്രവര്‍ത്തകര്‍ മാറ്റിയിട്ടുണ്ട്. താരതമ്യേന ചെറിയ ബജറ്റിലുള്ള ചിത്രങ്ങളാണിത്.

ഒ.ടി.ടി, സാറ്റലൈറ്റ് റെക്കോഡായേക്കും

മലയാളത്തില്‍ ഒ.ടി.ടി റൈറ്റ്‌സ് ഏറ്റവും കൂടുതല്‍ കിട്ടിയത് ഹഫദ് ഫാസിലിന്റെ ആവേശം എന്ന ചിത്രത്തിനാണ്. 35 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വീഡിയോസ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയത്. ഈ റെക്കോഡ് എംപുരാന്‍ മറികടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ഇപ്പോള്‍ മലയാള സിനിമകള്‍ക്ക് കാര്യമായ ഒ.ടി.ടി വരുമാനം ലഭിക്കുന്നില്ല.

മറ്റ് സ്രോതസുകളില്‍ നിന്ന് പലരും സിനിമ കാണുന്നതിനാല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും കാര്യമായ നേട്ടമില്ല. എന്നാല്‍ എംപുരാന്റെ ഹൈപ്പ് നേട്ടമാകുമെന്നതിനാല്‍ ഒ.ടി.ടി കമ്പനികള്‍ പണംമുടക്കുന്നതിന് മടി കാണിക്കില്ല. ചിത്രത്തിന്റെ സാറ്റലൈറ്റ് സംപ്രേക്ഷണാവകാശം വിറ്റുപോയിട്ടുണ്ട്. ഇതും റെക്കോഡ് തുകയ്ക്കാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com