എംപുരാന്‍ എഫക്ട് സിനിമയില്‍ മാത്രം ഒതുങ്ങില്ല? ഇവന്റ് മാനേജ്‌മെന്റ് മുതല്‍ പ്രാദേശിക വിപണിയില്‍ വരെ പണമൊഴുകും!

എംപുരാന്റെ റിലീസിംഗും അനുബന്ധ പ്രമോഷന്‍ ചടങ്ങുകളുമെല്ലാം മലയാള സിനിമയ്ക്ക് മാത്രമല്ല ഗുണം ചെയ്യുക
empuran poster and mohanlal
Published on

തിരിച്ചടികളിലൂടെ കടന്നുപോകുന്ന മലയാള സിനിമയ്ക്ക് തിരിച്ചുവരവിന് വഴിയൊരുക്കുമോ എംപുരാന്‍. ബിഗ് ബജറ്റില്‍ പൃഥ്വിരാജും മോഹന്‍ലാലും മാര്‍ച്ച് 27ന് എത്തുമ്പോള്‍ ആരാധകര്‍ മാത്രമല്ല വിനോദ വ്യവസായവും ആകാംക്ഷയിലാണ്. തീയറ്ററിലേക്ക് ആരാധകരെ തിരികെയെത്തിക്കുകയെന്ന വലിയ ദൗത്യം എംപുരാന് മുന്നിലുണ്ട്. സിനിമയ്ക്ക് പുറത്തും വലിയ തോതില്‍ സാമ്പത്തിക ക്രയവിക്രയത്തിന് എംപുരാന്‍ വഴിയൊരുക്കുന്നുണ്ട്.

ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ബേസില്‍ ജോസഫ് ചിത്രം മരണമാസ് ഉള്‍പ്പെടെ ഏപ്രിലില്‍ എത്തുന്നുണ്ട്. എംപുരാനില്‍ തുടങ്ങിയ ഈ ചിത്രങ്ങളിലൂടെ മലയാള സിനിമ പഴയ പ്രതാപം തിരിച്ചു പിടിക്കുമെന്നാണ് പ്രതീക്ഷ.

വിപണിയില്‍ ചലനമുണ്ടാക്കും

എംപുരാന്റെ റിലീസിംഗും അനുബന്ധ പ്രമോഷന്‍ ചടങ്ങുകളുമെല്ലാം മലയാള സിനിമയ്ക്ക് മാത്രമല്ല ഗുണം ചെയ്യുക. പരസ്യ മേഖല, ഇവന്റ് മാനേജ്‌മെന്റ്, തീയറ്റര്‍ അനുബന്ധ വ്യവസായങ്ങള്‍ എന്നിവയ്‌ക്കെല്ലാം ചെറുതല്ലാത്ത നേട്ടമുണ്ടാക്കും.

രജനികാന്തിന്റെ കബാലി ഇറങ്ങിയ സമയത്ത് വലിയ തോതില്‍ ബ്രാന്‍ഡുകളുമായി അസോസിയേറ്റ് ചെയ്തിരുന്നു. പ്രഭാസിന്റെ ചിത്രങ്ങളിലും ഈ രീതി കാണാം. എന്നാല്‍ എംപുരാനില്‍ ഇത്തരത്തില്‍ വലിയ ബ്രാന്‍ഡ് അസോസിയേഷനുകള്‍ ഉണ്ടായിട്ടില്ല. അഡ്വര്‍ടൈസിംഗ് മേഖലയ്ക്ക് നേട്ടമുണ്ടാകാന്‍ ഇത്തരത്തില്‍ ബ്രാന്‍ഡ് അസോസിയേഷന്‍ അനിവാര്യമാണ്.
ഫേവര്‍ ഫ്രാന്‍സിസ്, ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ്

എംപുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചി മുതല്‍ ജര്‍മനി വരെ വിവിധ പ്രമോഷണല്‍ പരിപാടികള്‍ നടത്തുന്നുണ്ട്. കേരളത്തിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഇവന്റുകള്‍ നടക്കുന്നത്. പ്രമോഷനുമായി ബന്ധപ്പെട്ട് മാത്രം കോടികള്‍ കേരള വിപണിയില്‍ മാത്രം ചെലവഴിക്കുന്നുണ്ട്. ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കും ഇതില്‍ തൊഴിലെടുക്കുന്നവര്‍ക്കും മാത്രമല്ല ഗുണം ചെയ്യുക.

ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുമായി ഉപകരാറുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കും ഒപ്പം ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും എംപുരാന്റെ വരവ് ഗുണം ചെയ്യുന്നുണ്ട്. വിവിധ മതവിഭാഗങ്ങളുടെ നോമ്പ് ഉള്‍പ്പെടെ വരുന്ന മാസമാണ് മാര്‍ച്ച്. ഈ സമയത്ത് ഇവന്റുകള്‍ പൊതുവേ കുറവായിരിക്കും. എന്നാല്‍ എംപുരാന്‍ റിലീസിംഗ് ഇൗ സമയത്ത് വന്നത് എന്റര്‍ടെയ്ന്‍മെന്റ് മേഖലയ്ക്ക് ഉണര്‍വേകിയിട്ടുണ്ട്.

എംപുരാന്റെ റിലീസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളും ഫാന്‍സും കേരളത്തിലുടനീളം ആയിരക്കണക്കിന് ഹോള്‍ഡിംഗ്‌സുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഔട്ട്‌ഡോര്‍ പബ്ലിസിറ്റി രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ എംപുരാന്റെ വരവ് സഹായിക്കുന്നുണ്ട്.

തീയറ്ററുകള്‍ക്ക് ഉണര്‍വ്

2025ല്‍ വെറും രണ്ട് ചിത്രങ്ങള്‍ മാത്രമാണ് തീയറ്ററില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിച്ചത്. 60ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോഴാണ് ഈ സ്ഥിതി. തീയറ്ററുകള്‍ നിത്യചെലവിനു പോലും വരുമാനം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ഈ അവസരത്തില്‍ വലിയൊരു ക്യാന്‍വാസിലെത്തുന്ന എംപുരാന്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് തീയറ്ററുകള്‍.

ഇനീഷ്യല്‍ കളക്ഷനാണ് എംപുരാനും ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ തീയറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരെ തിരികെയെത്തിക്കാനായാല്‍ സിനിമ മേഖലയ്ക്കും എംപുരാന്‍ പിടിവള്ളിയാകും. തീയറ്ററിലേക്ക് എത്താന്‍ പൊതുവേ ആരാധകര്‍ മടിക്കുകയാണ്. സിനിമകളുടെ ഉള്ളടക്കം തന്നെയാണ് ഇതിനു കാരണം. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ എംപുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിനു സാധിച്ചിരുന്നു. രണ്ടാംഭാഗത്തിനും സമാന സ്വീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജും മോഹന്‍ലാലും.

യു.എസില്‍ നിന്നും പണംവാരും

ഓവര്‍സീസ് റിലീസിംഗിലൂടെ വലിയ തോതില്‍ കളക്ഷന്‍ നേടാന്‍ എംപുരാന് സാധിക്കുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകര്‍ക്കുള്ളത്. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ഇതുവരെ മുന്‍കൂര്‍ ബുക്കിംഗിലൂടെ ഒരു കോടി രൂപയിലധികം രൂപയിലധികം കളക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

റിലീസിംഗ് വാരത്തില്‍ ബുക്കിംഗ് അതിവേഗം കുതിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇതരഭാഷകളിലും റിലീസ് ചെയ്യുന്നതിലൂടെ ചുരുങ്ങിയ ദിവസം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com