Begin typing your search above and press return to search.
പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത; വാർഷിക പലിശ നിരക്ക് 8.25 ശതമാനത്തിന് അംഗീകാരം
പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക് 8.25% അംഗീകരിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇ.പി.എഫ്.ഒ 2023-24 ലെ പലിശ നിരക്ക് മുൻ വർഷത്തെ 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനം ആയാണ് ഉയർത്തിയത്. നിരക്ക് പരിഷ്കരണം ഇന്ത്യയില്‍ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ഇ.പി.എഫ് അംഗങ്ങള്‍ക്ക് പ്രയോജനകരമാകും.
2024 മെയ് 31 നാണ് 2023–2024 സാമ്പത്തിക വർഷത്തേക്കുള്ള ഇ.പി.എഫ് അംഗങ്ങളുടെ പലിശ നിരക്ക് 8.2 ശതമാനമാക്കി കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയത്. ത്രൈമാസത്തില്‍ അല്ല ഇ.പി.എഫ് അംഗങ്ങളുടെ പലിശ നിരക്ക് പ്രഖ്യാപനം നടത്തുന്നത്. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് വാർഷിക പലിശ നിരക്ക് പ്രഖ്യാപിക്കപ്പെടുന്നത്.
പിരിഞ്ഞ അംഗങ്ങൾക്ക് അവരുടെ അന്തിമ പി.എഫ് സെറ്റിൽമെന്റിന്റെ ഭാഗമായി പുതുക്കിയ ഇ.പി.എഫ് പലിശ നിരക്ക് വിതരണം ചെയ്തു തുടങ്ങിയതായും ഇ.പി.എഫ്.ഒ അറിയിച്ചു. വിരമിക്കുന്ന ഇ.പി.എഫ് അംഗങ്ങൾക്ക് അവരുടെ പി.എഫ് സെറ്റിൽമെന്റുകൾക്ക് പുറമേ പുതുക്കിയ പലിശയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. 23,04,516 ക്ലെയിമുകളില്‍ ആയി ഏറ്റവും പുതിയ പലിശ നിരക്ക് ആയ 8.25 ശതമാനം ഉൾപ്പെടെ 9260.40 കോടി രൂപ ഇതിനോടകം തീർപ്പാക്കി കഴിഞ്ഞു.
നിങ്ങളുടെ ഇ.പി.എഫ് പലിശ ക്രെഡിറ്റ് ആയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ താഴെ പറയുന്ന രീതികൾ ഉപയോഗിക്കാവുന്നതാണ്.
ഉമങ് ആപ്പ്: ഔദ്യോഗിക ഉമങ് ആപ്പ് സന്ദർശിച്ച് ലോഗിൻ ചെയ്യുക, മൊബൈലില്‍ നിങ്ങളുടെ ഇ.പി.എഫ് പാസ്ബുക്ക് ആക്സസ് ചെയ്യുക.
ഇ.പി.എഫ് വെബ്‌സൈറ്റ്: ഇ.പി.എഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലേക്ക് പ്രവേശിച്ച് "ഫോർ എംപ്ലോയീസ്" വിഭാഗത്തിലേക്ക് പോകുക. സര്‍വീസസ് ടാബിന് കീഴിലുളള മെമ്പര്‍ പാസ്ബുക്കില്‍ ക്ലിക്ക് ചെയ്യുക. ലോഗിൻ ചെയ്യുന്നതിനായി നിങ്ങളുടെ യു.എ.എൻ, പാസ്‌വേഡ്, ക്യാപ്‌ച എന്നിവ നൽകുക. രജിസ്‌ട്രേഷൻ കഴിഞ്ഞ് 6 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പാസ്‌ബുക്ക് യൂണിഫൈഡ് മെമ്പര്‍ പോര്‍ട്ടലില്‍ ദൃശ്യമാകുന്നതാണ്.
SMS സേവനം: SMS സേവനം പ്രയോജനപ്പെടുത്തുന്നതിന് "EPFOHO UAN" എന്ന സന്ദേശം 7738299899 എന്ന നമ്പറിലേക്ക് അയക്കുക. വിവിധ പ്രാദേശിക ഭാഷകളിൽ അക്കൗണ്ട് നില പരിശോധിക്കാവുന്നതാണ്.
മിസ്ഡ് കോൾ സേവനം: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകി പാസ്ബുക്ക് വിശദാംശങ്ങൾ നേടാവുന്നതാണ്.
Next Story
Videos