

യു.എസ് ഗൃഹോപകരണ കമ്പനിയായ വേള്‍പൂളിന്റെ ഇന്ത്യന്‍ യൂണിറ്റിനെ ഏറ്റെടുക്കാനൊരുങ്ങി വമ്പന്മാര്‍. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത വേള്‍പൂള്‍ ഇന്ത്യയുടെ 31 ശതമാനം നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനികളായ ഇ.ക്യൂ.റ്റി ഗ്രൂപ്പ് (EQT), ബെയിന്‍ ക്യാപിറ്റല്‍ എന്നിവരാണ് രംഗത്തുള്ളത്. മറ്റ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ടി.പി.ജി, കെ.കെ.ആര്‍ ഇന്ത്യന്‍ കമ്പനികളായ ഹാവെല്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവര്‍ ഇതില്‍ നിന്നും പിന്മാറിയതായും ദി ഇക്കണോമിക് ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ധാരണയിലെത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ബന്ധപ്പെട്ട കമ്പനികളൊന്നും തയ്യാറായിട്ടില്ല.
ഹോം അപ്ലയന്‍സ് രംഗത്തെ വമ്പന്മാരായ വേള്‍പൂളിന്റെ യു.എസ് മാതൃകമ്പനി, വേള്‍പൂള്‍ കോര്‍പറേഷന്‍, ഇന്ത്യന്‍ യൂണിറ്റിന്റെ 31 ശതമാനം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ബാക്കിയുള്ള 20 ശതമാനം ഓഹരികള്‍ മാതൃകമ്പനി തന്നെ കൈവശം വെക്കും. മൗറീഷ്യസിലെ വേള്‍പൂള്‍ കമ്പനി വഴിയാണ് ഈ ഓഹരികളെല്ലാം കൈകാര്യം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ റിലയന്‍സ്, ഹാവെല്‍സ് തുടങ്ങിയ കമ്പനികളും വേള്‍പൂളിനെ ഏറ്റെടുക്കാന്‍ രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ ഓഹരി വിപണി കണക്കുകള്‍ പ്രകാരം 18,116 കോടി രൂപയാണ് വേള്‍പൂള്‍ ഇന്ത്യയുടെ വിപണിമൂല്യം.
ഏഷ്യയില്‍ വേള്‍പൂളിന്റെ ആകെ വില്‍പ്പനയുടെ സിംഹഭാഗവും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ പറയുന്നു. എന്നിട്ടും എന്തിനാണ് ഓഹരികള്‍ വിറ്റൊഴിയാന്‍ കമ്പനി തയ്യാറായതെന്നാണ് എല്ലാവരുടെയും സംശയം. 2022ല്‍ യു.എസില്‍ 1.5 ബില്യന്‍ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയതോടെയാണ് കമ്പനി ആഗോളതലത്തില്‍ പുനഃസംഘടന നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ ഓഹരികള്‍ വിറ്റഴിച്ച് 4,684-5,110 കോടി രൂപ വരെ സമാഹരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ നേതൃത്വത്തില്‍ ഏപ്രിലില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികളും തുടങ്ങി. ഓഹരി ഇടപാട് നടന്നാല്‍ കമ്പനിയിലെ 26 ശതമാനം ഓഹരികള്‍ കൂടി ഓപ്പണ്‍ ഓഫര്‍ വഴി വില്‍ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, കമ്പനിയുടെ മൂല്യനിര്‍ണയം, മാതൃകമ്പനിക്ക് റോയല്‍റ്റി ഇനത്തില്‍ നല്‍കേണ്ട തുക എന്നിവ സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങളുടെ പേരില്‍ ഓഹരി വില്‍പ്പന വൈകുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനി ഓഹരി കൈമാറ്റം നടത്തുമെന്ന് പ്രഖ്യാപിച്ച ജനുവരിയില്‍ വേള്‍പൂള്‍ ഇന്ത്യയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. ഏപ്രില്‍ മുതല്‍ തിരിച്ചുകയറിയ ഓഹരി അതിന് ശേഷം മുപ്പത് ശതമാനത്തോളം നേട്ടമുണ്ടാക്കിയെന്നും കണക്കുകള്‍ പറയുന്നു. നിലവില്‍ ഓഹരിയൊന്നിന് 1,456 രൂപയെന്ന നിലയിലാണ് വ്യാപാരം.പൂര്‍ണമായും സബ്‌സ്‌ക്രിപ്ഷന്‍ നടന്നാല്‍ പുതിയ നിക്ഷേപകന് വേള്‍പൂള്‍ ഇന്ത്യയില്‍ 57 ശതമാനം ഓഹരികള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. നിലവിലെ വിലയില്‍ ഏകദേശം 10,354 കോടി രൂപയുടെ ഇടപാടായിരിക്കുമിത്.
ഇന്ത്യന്‍ റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വിപണിയിലെ പ്രമുഖ നാല് കമ്പനികളിലൊന്നാണ് വേള്‍പൂള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,421 കോടി രൂപയുടെ വരുമാനവും 313 കോടി രൂപയുടെ ലാഭവും കമ്പനി നേടിയിരുന്നു. വേള്‍പൂളിനെ ഏറ്റെടുക്കാന്‍ ഹാവല്‍സ് ഇന്ത്യ ആദ്യം ശ്രമിച്ചിരുന്നു. എന്നാല്‍ വേള്‍പൂളിന്റെ ഉയര്‍ന്ന വാല്യൂവേഷന്‍ തടസമായി. കമ്പനിയുടെ ലോയ്ഡ് ബ്രാന്‍ഡില്‍ ശ്രദ്ധിക്കാന്‍ കൂടി തീരുമാനിച്ചതോടെ ഹാവെല്‍സ് പിന്മാറി. കഴിഞ്ഞ ദിവസം കെല്‍വിനേറ്റര്‍ ബ്രാന്‍ഡിനെ ഏറ്റെടുത്ത റിലയന്‍സ് ഗ്രൂപ്പിനും വേള്‍പൂളില്‍ ഒരു കണ്ണുണ്ടായിരുന്നു. എന്നാല്‍ സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റിലയന്‍സും ഏറ്റെടുക്കലില്‍ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
EQT and Bain Capital have reportedly made the final shortlist to buy a 31% controlling stake in Whirlpool India. Here’s what the potential deal could mean.
Read DhanamOnline in English
Subscribe to Dhanam Magazine