സൗദി അറേബ്യ തൊഴില്‍ വൈദഗ്ധ്യ പരീക്ഷ: സഹായവുമായി ഇറാം ഗ്രൂപ്പ്
സൗദി അറേബ്യയിലേക്ക് തൊഴില്‍ വീസ തേടുന്നവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരീക്ഷയ്ക്ക് സൗകര്യമൊരുക്കി ഇറാം ഗ്രൂപ്പ് (Eram Group). തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് 19 തസ്തികകളില്‍ വൈദഗ്ധ്യ പരീക്ഷ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ വ്യക്തമാക്കിയത്. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം (SVP) ടെസ്റ്റാണ് നടത്തുക. നിലവില്‍ ഈ എസ്.വി.പി ടെസ്റ്റിന് സൗകര്യമൊരുക്കിയിരിക്കുകയാണ് ഇറാം.
ഇറാം ടെക്‌നോളജീസിന്റെ എസ്പോയര്‍
സൗത്ത് ഇന്ത്യയില്‍ കേരളത്തിലെ ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള എസ്പോയര്‍ (ESPOIR) അക്കാദമിയില്‍ നിലവില്‍ അഞ്ചു തൊഴിലുകള്‍ക്ക് ഈ വൈദഗ്ധ്യ പരീക്ഷ നടത്താന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലംബിംഗ്, വെല്‍ഡിംഗ്, ഇലക്ട്രീഷന്‍, ഓട്ടോമോട്ടീവ് ഇലക്ട്രീഷന്‍, എച്ച്.വി.എ.സി തുടങ്ങിയ തൊഴിലുകളില്‍ നിലവില്‍ എസ്പോയര്‍ അക്കാദമിയില്‍ എസ്.വി.പി ടെസ്റ്റ് ലഭ്യമാണ്.എസ്പോയറില്‍ ഈ തൊഴില്‍ വൈദഗ്ധ്യ പരീക്ഷ എഴുതി പാസാകുന്നതോടെ സര്‍ക്കാന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
എസ്.വി.പി ടെസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് www.eramskills.in വെബ് സൈറ്റിലൂടെയോ അല്ലെങ്കില്‍ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സിയുമായോ ബന്ധപ്പെടണം. പതിനാലില്‍ അധികം രാജ്യങ്ങളിലായി മുപ്പതിലധികം കമ്പനികളും നൂറ്റമ്പതില്‍പരം ഓഫീസുകളും ഉള്ള ഇറാം ടെക്‌നോളജീസ് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (NSDC) നോണ്‍ ഫണ്ടിംഗ് പാര്‍ട്ട്ണര്‍ ആണ്.
കൂടാതെ കേരള സര്‍ക്കാരിന്റെ കെ.എ.എസ്.ഇ (Kerala Academy for Skills Excellence), അസാപ് തുടങ്ങിയ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന ട്രെയ്നിംഗ് ആന്‍ഡ് ഓപ്പറേറ്റിംഗ് പാര്‍ട്ട്ണറുമാണ്.കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്-ഇന്‍ഡോ അറബ് കോ ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ആണ് സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും.
സര്‍ട്ടിഫിക്കറ്റ് നേടണം
വൈദഗ്ധ്യ പരീക്ഷയുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി ഇന്ത്യയിലുള്ള സൗദി എംബസി കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു. 2023 ജൂണ്‍ ഒന്ന് മുതല്‍ സൗദി അറേബ്യയിലേക്ക് വിവിധ ടെക്നിക്കല്‍ ട്രേഡിലേക്ക് വീസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ ടക്കമോള്‍-നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (NSDC) അംഗീകൃത സ്‌കില്‍ വെരിഫിക്കേഷന്‍ സെന്ററില്‍ നിന്ന് പ്രൊഫഷണല്‍ അക്രെഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് റോയല്‍ സൗദി എംബസി ഇന്ത്യയിലുള്ള എല്ലാ അംഗീകൃത റിക്രൂട്ടിംഗ് എജന്‍സികളെയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പരീക്ഷ നടത്താന്‍ ഇറാം ഗ്രൂപ്പിന് അംഗീകാരം ലഭിച്ചത്.