വിദേശ പഠനത്തിന് പോകുന്നവരിലധികവും ഈ ജില്ലകളില്‍ നിന്ന്; പ്രധാന ലക്ഷ്യം യു.കെ, കാനഡ

മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിദേശ പഠനം പുതിയ ട്രെന്‍ഡായി മാറിയപ്പോള്‍ മുന്നില്‍ നിന്നത് എറണാകുളം ജില്ല. സംസ്ഥാനത്തു നിന്ന് വിദേശപഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളെ കുറിച്ച് ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്‌മെന്റിന് വേണ്ടി നടന്ന പഠനം നല്‍കുന്നത് ഈ മേഖലയിലെ പുതിയ വിവരങ്ങളാണ്. വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ ഒന്നാം സ്ഥാനം എറണാകുളത്തിനാണ്. തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കോട്ടയം മൂന്നാമതും. ഏറ്റവും കുറവ് വയനാട്ടില്‍ നിന്നാണ്. എറണാകുളം ജില്ലയില്‍ നിന്ന് 43,990 പേര്‍ വിദേശ രാജ്യങ്ങളിലെ പഠത്തിനായി പോയെന്നാണ് 2023 ലെ സാംപിള്‍ സര്‍വേയില്‍ കണ്ടെത്തിയത്. മറ്റു ജില്ലകളെ അപേക്ഷിച്ച് എറണാകുളത്തു നിന്നുള്ള വിദ്യാര്‍ത്ഥി കുടിയേറ്റം ഏറെ മുന്നിലാണ്. പ്രമുഖ കുടിയേറ്റ ഗവേഷകനായ പ്രൊഫ. എസ്.ഇരുദയരാജനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

പഠിക്കാനായി പോയത് രണ്ടര ലക്ഷം പേര്‍

വിവിധ ജില്ലകളില്‍ നിന്നായി പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോയത് രണ്ടര ലക്ഷം പേരാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം: 4,887, കൊല്ലം: 21,607, പത്തനംതിട്ട: 10,466, ആലപ്പുഴ: 14,217, കോട്ടയം: 35,382, ഇടുക്കി: 6,946, എറണാകുളം: 43,990, തൃശൂര്‍: 35,873, പാലക്കാട്: 13,692, മലപ്പുറം:15,310, കോഴിക്കോട്: 15,980, വയനാട്: 3,570, കണ്ണൂര്‍: 23,512, കാസര്‍കോഡ്: 4,391. മൊത്തം വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ 18.1 ശതമാനമാണ് എറണാകുളത്തു നിന്നുള്ളത്. വിദേശ പഠനത്തിനായി പോകുന്നവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏതാണ്ട് ഒപ്പമാണ്. 54.4 ശതമാനമാണ് ആണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ 45.6 ശതമാനമുണ്ട്. ജോലിക്കായി വിദേശ രാജ്യങ്ങളില്‍ പോകുന്നരില്‍ 80 ശതമാനവും പുരുഷന്‍മാരാണെന്നിരിക്കെ, പഠനത്തിനായി പോകുന്നരില്‍ 45.6 ശതമാനം പെണ്‍കുട്ടികളാണെന്നത് കുടിയേറ്റത്തിന്റെ ഭാവിയില്‍ വരുത്താവുന്ന മാറ്റത്തിന്റെ സൂചനകളാണെന്ന് പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

യു.കെ, കാനഡ ഇഷ്ട രാജ്യങ്ങള്‍

വിദേശ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത് യു.കെ.യും കാനഡയുമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടുതലായി പോകുന്നത് യു.കെ.യിലേക്കാണ്. രണ്ടാം സ്ഥാനത്താണ് കാനഡ. ഗള്‍ഫ് രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക തുടങ്ങിയവയാണ് പട്ടികയില്‍ പിന്നീട് വരുന്നത്.

Related Articles
Next Story
Videos
Share it