മലയാളികള്‍ക്ക് ആശ്വാസം; എറണാകുളം- ബംഗളൂരു വന്ദേഭാരത് സ്പെഷ്യല്‍ സ്ഥിരമാക്കുമോ?; സമയവും സ്റ്റോപ്പുകളും അറിയൂ

ബംഗളൂരുവിലേക്ക് ജോലി ആവശ്യങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി കേരളത്തില്‍ നിന്ന് സഞ്ചരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ കര്‍ണാടകയിലേക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കുമായി കുടിയേറിയ മലയാളികളും ഒട്ടേറെയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് മതിയായ യാത്രാ സൗകര്യങ്ങളില്ല എന്ന പരാതികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
മിക്ക സമയങ്ങളിലും മുന്‍കൂട്ടി ബുക്ക് ചെയ്തില്ലെങ്കില്‍ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയും പലരും നേരിടുന്നുണ്ട്. ഉത്സവ സീസണുകളിലും അവധിക്കാലങ്ങളിലും തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയും ഉണ്ടാകുന്നത് പതിവാണ്.
സ്പെഷ്യല്‍ ട്രെയിന്‍ ജൂലൈ 31 മുതല്‍
ദക്ഷിണ റെയില്‍വേ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന എറണാകുളം- ബംഗളൂരു വന്ദേഭാരത് മലയാളികള്‍ക്ക് വളരെ ആശ്വാസകരമാകുകയാണ്. കാത്തിരിപ്പിന് വിരാമമിട്ട് ജൂലൈ 31 മുതല്‍ (ബുധനാഴ്ച) ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25 വരെ സ്പെഷൽ സർവീസായിയാണ് ട്രെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഓണം ആഘോഷ വേളയില്‍ പുതിയ ട്രെയിന്‍ എത്തുന്നത് ഏറെ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ബംഗളുരുവില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ടി) രംഗത്തും മറ്റ് രാജ്യാന്തര കമ്പനികളിലും ജോലി ചെയ്യുന്നവരും ഒട്ടേറെയാണ്.
ആഴ്ചയിൽ മൂന്നു ദിവസമാണ് സ്പെഷ്യല്‍ ട്രെയിന്‍ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലാണ് അവസാനിക്കുക. എറണാകുളത്തു നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ട്രെയിന്‍ ഉളളത്, 06001 ആണ് ട്രെയിന്‍ നമ്പര്‍. ബംഗളൂരുവിൽ നിന്നു വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ് സർവീസ്, ട്രെയിന്‍ നമ്പര്‍ 06002 ആണ്.
7 ഇടങ്ങളില്‍ സ്റ്റോപ്പുകള്‍
എറണാകുളം, തൃശൂർ, പാലക്കാട്‌, പൊത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബാംഗ്ലൂർ എന്നിവിടങ്ങളാണ് വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിന് സ്റ്റോപ്പുകൾ ഉളളത്. എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് രാത്രി 10 ന് ബംഗളൂരുവിലെത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് രാവിലെ 5.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തിച്ചേരുന്നതാണ്. 8 കോച്ചുകള്‍ ഉളള ട്രെയിന്‍ ആയിരിക്കും അവതരിപ്പിക്കുന്നത്.
കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണ് ഇത്. ട്രെയിൻ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ ദക്ഷിണ റെയില്‍വേ വ്യക്തത വരുത്തിയിട്ടില്ല. ഈ സർവീസിന് ജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിക്കുന്ന പ്രതികരണം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.
നിലവില്‍ കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിലും വലിയ തിരക്കാണ് മിക്ക സമയങ്ങളിലും അനുഭവപ്പെടുന്നത്. തിരുവനന്തപുരം- കാസര്‍ക്കോട്, മംഗളൂരു- തിരുവനന്തപുരം റൂട്ടുകളിലാണ് സര്‍വീസുകള്‍ ഉളളത്. പുതുതായി അവതരിപ്പിക്കുന്ന എറണാകുളം- ബംഗളൂരു സര്‍വീസ് പ്രായോഗികമാണെന്ന് ദക്ഷിണ റെയില്‍വെ അന്വേഷിച്ച് കണ്ടെത്തിയിരുന്നു.

Related Articles

Next Story

Videos

Share it