സ്‌പെയര്‍ പാര്‍ട്‌സ് നല്‍കിയില്ല; ആഗോള കമ്പനിക്ക് ₹96,000 പിഴയിട്ട് എറണാകുളം ഉപഭോക്തൃ കോടതി

എറണാകുളം സ്വദേശി നല്‍കിയ പരാതിയിന്മേലാണ് നടപടി
Court
Image : Canva
Published on

ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വാങ്ങിയ ഉപഭോക്താവിന് സ്‌പെയര്‍ പാര്‍ട്‌സ് നല്‍കാന്‍ വിസമ്മതിച്ച സാംസംഗ് ഇലക്ട്രോണിക്‌സിനെതിരെ നടപടിയെടുത്ത് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കമ്പനികള്‍ ഉത്പന്ന നിര്‍മ്മാണം നിറുത്തിയാലും സ്‌പെയര്‍ പാര്‍ട്‌സ് നല്‍കാന്‍ തുടര്‍ന്നും ബാധ്യസ്ഥരാണെന്ന് തര്‍ക്ക പരിഹാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

ഉപഭോക്താവിന്റെ അവകാശം ലംഘിച്ച സാംസംഗ് 96,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. എറണാകുളം സ്വദേശി സമര്‍പ്പിച്ച പരാതിയിന്മേലാണ് നടപടി.

കോടതിയിലെ വാദങ്ങള്‍

2016 ജൂലൈയിലാണ് എറണാകുളം സ്വദേശി 72,000 രൂപയുടെ റഫ്രിജറേറ്റര്‍ വാങ്ങിയത്. 2021ല്‍ റഫ്രിജറേറ്റര്‍ കേടായി. കമ്പനി നിയോഗിച്ച ടെക്‌നീഷ്യന്‍ പലതവണ ശ്രമിച്ചിട്ടും തകരാര്‍ പരിഹരിക്കാനായില്ല. തുടര്‍ന്ന്, 15 ശതമാനം വിലക്കുറവോടെ പുതിയ റഫ്രിജറേറ്റര്‍ വാങ്ങാനുള്ള കൂപ്പണ്‍ കമ്പനി വാഗ്ദാനം ചെയ്തു.

വാദ്ഗാനം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. എന്നാല്‍, വാറന്റി കാലാവധി കഴിഞ്ഞതാണെന്നും സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യമല്ലെന്നും കമ്പനി കോടതിയില്‍ വാദിച്ചു. പരാതിക്കാരന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കാത്തതാണ് തകരാറിന് ഇടയാക്കിയതെന്നും കമ്പനി വാദമുന്നയിച്ചു. സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യമല്ലാത്തതിനാല്‍ റഫ്രിജറേറ്റര്‍ നന്നാക്കാനാവില്ലെന്ന് കോടതി നിയോഗിച്ച വിദഗ്ദ്ധനും റിപ്പോര്‍ട്ട് നല്‍കി.

അവകാശ ലംഘനം

വാറന്റി കാലയളവില്‍ മാത്രം ഉപയോഗിക്കാനല്ല ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി, കമ്പനി ലംഘിച്ചത് ഉത്പന്നം റിപ്പയര്‍ ചെയ്ത് ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശമാണെന്ന് (Right to repair) ചൂണ്ടിക്കാട്ടി.

റഫ്രിജറേറ്ററിന്റെ 5 വര്‍ഷത്തെ തേയ്മാനം കണക്കിലെടുത്ത് കമ്പനി 36,000 രൂപ ഒരുമാസത്തിനകം ഉപഭോക്താവിന് നല്‍കണമെന്നാണ് കോടതി വിധിച്ചത്. പുറമേ നഷ്ടപരിഹാരം, കോടതിച്ചെലവ് ഇനങ്ങളില്‍ 60,000 രൂപയും 9 ശതമാനം പലിശയും നല്‍കണമെന്നും ഉത്തരവിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com