ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍

രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. 2015-16ല്‍ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം സംസ്ഥാനത്തെ ദാരിദ്ര്യത്തിന്റെ ശതമാനം 0.70 ആയിരുന്നത് 2019-21ല്‍ 0.55 ശതമാനമായി കുറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 ല്‍ അധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി.

എറണാകുളം മുന്നില്‍

റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഇല്ലാത്ത ഏക ജില്ല എറണാകുളമാണ്. ജില്ലകളുടെ താരതമ്യ പ്രകടനം അനുസരിച്ച് എറണാകുളത്തെ ദാരിദ്ര്യത്തിന്റെ ശതമാനം മുന്‍വര്‍ഷത്തെ 0.10 നിരക്കില്‍ നിന്ന് ഇത് പൂജ്യമായി കുറഞ്ഞു. വയനാട്, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലും ദാരിദ്ര്യ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അതേസമയം കഴിഞ്ഞ തവണ ദാരിദ്ര്യം ഇല്ലാതിരുന്ന കോട്ടയം ഇപ്പോള്‍ 0.14 ആയി ഉയര്‍ന്നു. കോട്ടയം കൂടാതെ കാസര്‍കോട് (0.94 ശതമാനത്തില്‍ നിന്നും 1.70 ശതമാനമെത്തി), പാലക്കാട് (0.62 ശതമാനത്തില്‍ നിന്നും 1.34 ശതമാനമെത്തി), കോഴിക്കോട് (0.26 ശതമാനത്തില്‍ നിന്നും 0.68 ശതമാനമെത്തി) എന്നീ ജില്ലകളിലും ദാരിദ്ര്യ നിരക്ക് ഉയര്‍ന്നു. എന്നാല്‍ കേരളത്തിലെ മിക്ക ജില്ലകളിലും ദാരിദ്ര്യ നിരക്ക് 1% ല്‍ താഴെയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

13.5 കോടിയിലധികം പേര്‍

ഈ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിനിന് പുറമേ തമിഴ്നാട്, ഡല്‍ഹി, ഗോവ എന്നിവിടങ്ങളിലാണ് കുറവ് ദാരിദ്ര്യം രേഖപ്പടുത്തിയത്. 2015-16 മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്ത് 13.5 കോടിയിലധികം പേര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്നാണ് നീതി ആയോഗ് പുറത്തുവിട്ട പഠനം പറയുന്നത്. അതായത് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ രാജ്യത്തെ ദാരിദ്ര്യം 10 ശതമാനം കുറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it