ഇതുപോലൊരു ഗതികെട്ട ബസ് സ്റ്റാന്റ് കേരളത്തില്‍ ഇല്ല! എറണാകുളം ആനവണ്ടിപ്പുരക്ക് ശാപമോക്ഷം എന്ന്?

വൈറ്റില മൊബിലിറ്റി ഹബ്ബ് മാതൃകയില്‍ എറണാകുളം ബസ് സ്റ്റാന്റും പുതുക്കിപ്പണിയണമെന്ന് യാത്രക്കാര്‍

കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ എറണാകുളത്തെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന്റെ ദുരവസ്ഥ പുതിയൊരു വാര്‍ത്തയൊന്നുമല്ല. മൂക്കുപൊത്താതെയും അറക്കുന്ന കാഴ്ച കാണാതെയും ഈ സ്റ്റാന്‍ഡിലൂടെ യാത്ര അസാധ്യമായിട്ട് കാലങ്ങളായി. ചെറിയ മഴയത്ത് പോലും വെള്ളം പൊങ്ങുന്ന ബസ് സ്റ്റാന്റില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവസ്ഥ അതിലും കഷ്ടം. അടുത്തിടെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചില പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ലെന്നും ജീവനക്കാരും യാത്രക്കാരും പറയുന്നു.
ഒരു മണിക്കൂറോളം മഴ പെയ്താല്‍ മുങ്ങുന്ന അവസ്ഥയിലാണ് എറണാകുളം സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് യാത്രക്കാരുടെ പരാതി. മഴയില്ലെങ്കിലും സ്റ്റാന്റിലെ വെള്ളക്കെട്ടിന് കുറവൊന്നുമില്ലെന്നതാണ് സത്യം. ചുറ്റുമുള്ള ഓടയിലും യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന ചില സ്ഥലത്തുമെല്ലാം ഇപ്പോഴും മലിനജലം കെട്ടിക്കിടക്കുന്നു. ഈ വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്റ്റാന്റിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് കൂടി ഓര്‍ക്കണം. അയല്‍സംസ്ഥാനങ്ങളിലേക്ക് അടക്കമുള്ള ബസുകള്‍ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ഒരുക്കിയിരിക്കുന്നത് പഴയ ബസുകളുടെ സീറ്റുകളാണ്. അതിലിരിക്കണമെങ്കില്‍ മൂട്ടയുടെ കനത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് മാത്രം.


ടൂറിസത്തിനും തിരിച്ചടി

മൂന്നാര്‍ അടക്കമുള്ള കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള ബസുകള്‍ പുറപ്പെടുന്ന കേന്ദ്രം കൂടിയാണ് ഈ സ്റ്റാന്റ്. വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് മതിയായ കാത്തിരിപ്പ് കേന്ദ്രം പോലുമില്ല. എറണാകുളത്ത് നിന്നും പുറപ്പെടുന്ന ബസില്‍ ടൂര്‍ പ്രോഗ്രാമുകള്‍ ഏര്‍പ്പാട് ചെയ്തിരുന്ന ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണ്. ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് സഞ്ചാരികളുടെ പരാതിയാണ് ഇതിന് അടിസ്ഥാനം. എറണാകുളം ബസ് സ്റ്റാന്റിനെക്കുറിച്ച് ഗൂഗിള്‍ മാപ്പിലെ റിവ്യൂ നോക്കിയാല്‍ ഇക്കാര്യം മനസിലാകും.
സ്റ്റാന്റ് കേന്ദ്രീകരിച്ച് പോക്കറ്റടി, മോഷണം, സാമൂഹ്യ വിരുദ്ധരുടെ ശല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഇത് പരിഹരിക്കാന്‍ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തിയെങ്കിലും കാര്യക്ഷമം അല്ലെന്നാണ് പരാതി.

പരിഹരിക്കുമെന്ന് അധികൃതര്‍

പ്രശ്‌ന പരിഹാരത്തിനായി സ്ഥലം എം.എല്‍.എ ടി.ജെ വിനോദിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഇതുപയോഗിച്ച് സ്റ്റാന്റില്‍ വെള്ളം കയറാത്ത രീതിയില്‍ ഉയര്‍ത്തി ചുറ്റുമതില്‍ കെട്ടും. സ്റ്റാന്റും പരിസരവും വൃത്തിയാക്കി പെയിന്റ് ചെയ്ത് നവീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ സ്റ്റാന്റിന് പകരമായി കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള കാരക്കാമുറിയിലെ ഭൂമിയില്‍ സ്വകാര്യ ബസുകള്‍ക്ക് കൂടി പ്രവേശിക്കാവുന്ന തരത്തില്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

വൈറ്റിലയുടെ നല്ല മാതൃക

എറണാകുളം ബസ് സ്റ്റാന്റില്‍ നിന്നും വ്യത്യസ്തമാണ് വൈറ്റിലയിലുള്ള മൊബിലിറ്റി ഹബ്ബ്. കെ.എസ്.ആര്‍.ടി.സിയെക്കൂടാതെ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്ന വൈറ്റിലയില്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എപ്പോഴും പൊലീസ് കാവലുമുണ്ടാകും. ഇതേ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റും പുതുക്കിപ്പണിയണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.
Related Articles
Next Story
Videos
Share it