എറണാകുളം-തിരുവനന്തപുരം മെമു ഇന്ന് മുതല്‍; യാത്രാ ദുരിതം തുടരുന്നു, ന്യൂഇയര്‍ തിരക്കില്‍ കേരളം

സംസ്ഥാനത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലും തിരക്കുണ്ടെന്ന് വ്യാപാരികളും പറയുന്നു
memu train
image credit : cggglobal .com
Published on

ന്യൂഇയര്‍ തിരക്ക് പരിഗണിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ മെമു ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളം ജംഗ്ഷനില്‍ നിന്നും തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി) തിരിച്ചുമാണ് അണ്‍റിസര്‍വ്ഡ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് സര്‍വീസ്.

രാവിലെ 9.10ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് തുടങ്ങുന്ന സര്‍വീസ് കോട്ടയം, കൊല്ലം വഴി ഉച്ചക്ക് 12.45ന് കൊച്ചുവേളിയിലെത്തും. ഉച്ചക്ക് 12.55ന് കൊച്ചുവേളിയില്‍ നിന്നും മടങ്ങുന്ന ട്രെയിന്‍ വൈകിട്ട് 4.35ന് തിരിച്ച് എറണാകുളത്തെത്തും. 12 ജനറല്‍ കോച്ചുകളുള്ള ട്രെയിനിന് വൈക്കം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂര്‍, വര്‍ക്കല എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. 06065/06066 എന്നീ നമ്പരുകളിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ സ്ഥിരമായി മെമു ട്രെയിന്‍ ഓടിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

യാത്രാദുരിതത്തിന് ശമനമായില്ല

അതേസമയം, തിരക്ക് പരിഗണിച്ച് പത്തോളം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചെങ്കിലും സംസ്ഥാനത്തെ യാത്രാ ദുരിതത്തിന് ശമനമായിട്ടില്ല. ന്യൂഇയര്‍ അവധി കഴിഞ്ഞ് ബംഗളൂരു, ചെന്നൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചുപോകേണ്ടവരില്‍ പലര്‍ക്കും ഇനിയും ടിക്കറ്റ് ലഭിച്ചിട്ടില്ല. അവസാന നിമിഷം കൂടുതല്‍ പണം നല്‍കി സ്വകാര്യ ബസുകളെയോ വിമാന സര്‍വീസിനെയോ ആശ്രയിക്കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കേരളത്തിനുള്ളില്‍ സര്‍വീസ് നടത്തിയ ട്രെയിനുകളിലും ബസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ട്രെയിനുകളില്‍ വാതില്‍പടിയില്‍ തൂങ്ങിനിന്നാണ് പലരും യാത്ര ചെയ്തത്. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ബസുകളിലാകട്ടെ കയറാന്‍ പോലുമാകാത്ത രീതിയില്‍ തിരക്കായിരുന്നു. തിരക്ക് പരിഗണിച്ച് ട്രെയിനുകളില്‍ അധിക കോച്ച് അനുവദിക്കുന്നുണ്ടെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.

ന്യൂഇയര്‍ തിരക്കില്‍ കേരളം

സംസ്ഥാനത്തെ പലയിടങ്ങളിലും ക്രിസ്മസിനോട് അനുബന്ധിച്ച് തുടങ്ങിയ എക്‌സിബിഷനുകളും വ്യാപാര മേളകളും സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് ഇപ്പോഴും കുടുംബ സമേതമെത്തുന്നത്. തിരുവനന്തപുരത്തെ പുഷ്പ മേളയും കൊച്ചി കാര്‍ണിവലും സന്ദര്‍ശിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സംസ്ഥാനത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലും തിരക്കുണ്ടെന്ന് വ്യാപാരികളും പറയുന്നു. അവധിയാലസ്യത്തില്‍ വാഹനങ്ങളുമായി കൂടുതല്‍ ആളുകള്‍ റോഡിലിറങ്ങുന്നത് പലയിടങ്ങളിലും കനത്ത ട്രാഫിക്ക് ബ്ലോക്കിനും കാരണമാകുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com